 
വള്ളിക്കോട് : കരിങ്കൽ ക്ഷാമത്തെ തുടർന്ന് വള്ളിക്കോട് മൂഴ ിപാലത്തിന്റെ അറ്റകുറ്റപ്പണികൾ മുടങ്ങി. നിർമ്മാണത്തിന് ആവശ്യമായ കരിങ്കല്ലും മെറ്റലും പാറപ്പൊടിയും ഇറക്കിയിരുന്നെങ്കിലും കല്ലിന് ഗുണനിലവാരം കുറഞ്ഞതിനെ തുടർന്ന് മടക്കി അയക്കുകയായിരുന്നു. പാലത്തിന്റെ സംരക്ഷണ ഭിത്തി ബലപ്പെടുത്തനാനുള്ള ജോലികളാണ് ഇതോടെ മുടങ്ങിയിരിക്കുന്നത്. ഒന്നര മാസം മുമ്പാണ് കരിങ്കൽ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന സംരക്ഷണ ഭിത്തി തകർന്ന് വലിയതോട്ടിലേക്ക് പതിച്ചത്. അപകട ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ തിരിച്ചുവിടാൻ ബഥൽ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപ്പെടെ ഇപ്പോഴും പാലത്തിലൂടെയാണ് കടന്നുപോകുന്നത്.കോന്നി -ചന്ദനപ്പള്ളി റോഡിൽ താഴൂർ കടവിനും ദീപാ ജംഗ്ഷനും ഇടയിൽ വലിയ തോടിന് കുറുകയാണ് മൂഴി പാലം സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗത്തെ കൽ കെട്ടാണ് തകർന്നത്. ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപ്പടെ നിരന്തരം കടന്നു പോകുന്ന തിരക്കേറിയ റോഡാണിത്. പണികൾ ദിവസങ്ങൾക്കുള്ളിൽ തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ അന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നരമാസമായിട്ടും പണി നീളുകയാണ്.
വാഹനങ്ങൾ വഴി തിരിച്ചുവിടാൻ ബഥൽ സംവിധാനമില്ല
അറ്റകുറ്റപ്പണികൾ വൈകിയാൽ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
പാലം അപകടാവസ്ഥയിലാണെങ്കിലും വാഹനങ്ങൾ വഴി തിരിച്ചുവിടാൻ ബഥൽ സംവിധാനങ്ങൾ ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പണി പൂർത്തിയാകുന്നത് വരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കാൻ കഴിയില്ല. പ്രദേശത്തെ മറ്റ് റോഡുകൾ ഗതാഗത യോഗ്യമല്ല. യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന മൂഴിക്കടവ് - മായാലിൽ റോഡ്, അക്കാളുമുക്ക് - പുത്തൻചന്ത റോഡ് എന്നിവ പൂർണമായും തകർന്ന നിലയിലാണ്. പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകൾ ചേർന്ന പ്രദേശമാണിത്.
ഗതാഗത നിയന്ത്രണം പാലിക്കപ്പെടുന്നില്ല
കോന്നിയിൽ നിന്ന് എത്തുന്നവർക്ക് വാഴമുട്ടം- മുള്ളനിക്കാട് - ഓമല്ലൂർ വഴി ചന്ദനപ്പള്ളിയിലേക്കും ചന്ദനപ്പള്ളിയിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്ക് വള്ളിക്കോട്- വി. കോട്ടയം- വകയാർ വഴി കോന്നിയിലേക്കും പോകണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.