കോന്നി : കലഞ്ഞൂർ കുടപ്പാറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി ആടിനെ കൊന്നു.കഴിഞ്ഞ ദിവസം പുലർച്ചയോടെ ആയിരുന്നു സംഭവം.കുടപ്പാറ ക്ഷേത്രത്തിൽ പൂജ ചെയ്യുന്ന കാവുംപുറത്ത് വീട്ടിൽ ഓമനക്കുട്ടൻ പുലിയെ കണ്ടതായി പറയുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെ കുടപ്പാറ ക്ഷേത്രത്തിന് സമീപത്തെ റബർ തോട്ടത്തിൽ ടാപ്പിംഗ് ചെയ്തുകൊണ്ടിരുന്ന ഓമനക്കുട്ടൻ പുലിയുടെ മുന്നിൽപ്പെട്ടു.പിന്നീട് ഇവിടെ നിന്ന് രക്ഷപ്പെട്ട് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ ക്ഷേത്രത്തിന് സമീപം ആടിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിനോദ് കുമാർ,മുഹമ്മദ് ബിലാൽ തുടങ്ങിയവർ സ്ഥലത്ത് പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു.. പ്രദേശത്ത് മുമ്പും പുലിയുടെ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ടെന്നും നിരീക്ഷണ കാമറ സ്ഥാപിക്കുമെന്നും വനപാലകർ അറിയിച്ചു.