adippatha-
സന്നിധാനത്തെ മേൽകൂരയ്ക്ക് ബലക്ഷയം സംഭവിച്ച അടിപാതയിൽ പ്രോപ്പ് ജാക്കികൾ സ്ഥാപിച്ചിരിക്കുന്നു

ശബരിമല : പതിനെട്ടാം പടിയുടെ മുന്നിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ കടന്നുപോകുന്ന അടിപ്പാതയുടെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബിന് ബലക്ഷയം. അപകടാവസ്ഥയിലായ സ്ളാബിന് മുകളിലൂടെയാണ് തീർത്ഥാടകർ പതിനെട്ടാം പടിയിലേക്ക് എത്തുന്നത്. ദർശനം പൂർത്തിയാക്കി അപ്പം,അരവണ കൗണ്ടറിലേക്ക് തീർത്ഥാടകരെത്തുന്നതും ഈ അടിപ്പാതയിലൂടെയാണ്. സ്ലാബുകൾ വിണ്ടുകീറി ഏതുനിമിഷവും തകരാവുന്ന നിലയിലാണുള്ളത്. വിള്ളലുകൾ മറയ്ക്കാൻ വെള്ളപൂശിയ നിലയിലാണ്. തിരക്ക് ഉണ്ടാകുമ്പോൾ സ്ളാബ് തകരാതിരിക്കാൻ പ്രോപ്പ് ജാക്കികൾ ഉപയോഗിച്ച് താങ്ങി നിറുത്തിയിട്ടുണ്ട്. 20 ഓളം ജാക്കികൾ അടിപ്പാതയിൽ സ്ഥാപിച്ചു. ബലക്ഷയം നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ദേവസ്വം ബോർഡും സർക്കാരും ഇത് പൊളിച്ച് നീക്കി പുതിയത് നിർമ്മിക്കാൻ തയ്യാറായില്ല. തീർത്ഥാടനത്തിന് തൊട്ടുമുമ്പാണ് പ്രൊപ്പ് ജാക്കികൾ സ്ഥാപിച്ചത്. ലക്ഷകണക്കിന് തീർത്ഥാടകർ എത്തുന്ന മണ്ഡല മകരവിളക്ക് സീസണിൽ പുതുക്കി പണിയുകയെന്നത് അസാദ്ധ്യമാണ്. സ്ലാബിന് ബലക്ഷയമുണ്ടെന്ന് ദേവസ്വം മരാമത്ത് വിഭാഗത്തിലെ ജീവനക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും ഇതിനു മുകളിലൂടെയാണ് ട്രാക്ടറുകൾ ഉൾപ്പെടെ കടന്നുപോകുന്നത്. അപകടം കൺമുമ്പിലുണ്ടെങ്കിലും പരിഹാരം ഒരുക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നീക്കവുമില്ല.