 
മണ്ണടി: പത്തനംതിട്ട, കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് കല്ലടയാറിനു കുറുകെ നിർമ്മിക്കുന്ന ചെട്ടിയാരഴികത്ത് പാലത്തിന്റെ പണി പുരോഗമിക്കുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ താഴത്തുകുളക്കട മണ്ണടി പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന പാലമാണിത്. കടത്തുസർവീസാണ് ഇവിടെ നാട്ടുകാരുടെ ആശ്രയം.
130.70 മീറ്റർ നീളവും 7.5 മീറ്റർ ക്യാരേജ് വേയും ഇരുവശങ്ങളിലുമായി 1.50 മീറ്റർ നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയും പാലത്തിനുണ്ടാകും. 32 മീറ്റർ നീളത്തിൽ രണ്ട് സ്പാനുകളും 29.75 മീറ്റർ നീളത്തിൽ രണ്ട് സ്പാനുകളുമുണ്ട്. മണ്ണടി ഭാഗത്ത് 390 മീറ്റർ നീളത്തിലും കുളക്കട ഭാഗത്ത് 415 മീറ്റർ നീളത്തിലും ഇരുവശത്തും ഓടകൾ ഉൾപ്പെടുത്തിയുള്ള റോഡുകളും ഉണ്ടാകും. 10.32 കോടി ചെലവിലാണ് പാലം നിർമ്മിക്കുന്നത്.
പണി പൂർത്തിയായാൽ കടമ്പനാട്, മണ്ണടി, മഞ്ഞാലി, ചൂരക്കോട്, പ്രദേശക്കാർക്ക് എളുപ്പം കൊല്ലം ജില്ലയിലേക്ക് കടക്കാം. ഏനാത്ത് പാലത്തിൽ ഗതാഗത തടസമുണ്ടായാൽ ഈ പാലം ഉപയോഗിക്കാം
2012 ഏപ്രിൽ 25ന് കൊട്ടാരക്കര എം.എൽ.എ ഐഷാ പോറ്റി നൽകിയ നിവേദനത്തെ തുടർന്നാണ് പാലത്തിന്റെ സാദ്ധ്യതാപഠനത്തിന് 17.25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. അന്നത്തെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അപ്പനഴികത്ത് ശാന്തകുമാരിയുടെ സഹായത്തോടെ 2012 അവസാനം സാദ്ധ്യതാ പഠനം നടത്തിയ രേഖകൾ സർക്കാരിന് സമർപ്പിച്ചു. പക്ഷേ 2013 സാമ്പത്തിക വർഷത്തിൽ പാലത്തിന് പണം അനുവദിച്ചുകിട്ടിയില്ല. പിന്നീട് രാഷ്ട്രീയപരമായ തർക്കത്തെ തുടർന്ന് പാലം പണി നീളുകയായിരുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി. പാലത്തിനായി ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. തുടർന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എയും ഐഷാ പോറ്റിയും സർക്കാരിന് വീണ്ടും നിവേദനം നൽകി. പിന്നീട് കിഫ്ബിയിൽ 15 കോടി രൂപ പാലം നിർമ്മാണത്തിനായി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അനുബന്ധ റോഡിന്റെ സാദ്ധ്യതാ പഠനം നടത്തുന്നതിന് മൂന്നര ലക്ഷം രൂപയും അനുവദിച്ചു.
നിർമ്മാണം- 10.32 കോടി ചെലവിൽ
കടമ്പനാട്, മണ്ണടി, മഞ്ഞാലി, ചൂരക്കോട് പ്രദേശങ്ങളിലുള്ളവർക്ക് പ്രയോജനം