ചെങ്ങന്നൂർ: ഗൃഹപ്രവേശന ദിനത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം നിഷ്ക്രിയമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. ഏഴ് മാസം മുൻപാണ് വെണ്മണി പുന്തല ഏറം കോളശേരിൽ വീട്ടിൽ അനീഷ് (41) മരിച്ചത്. മുളക്കുഴ കൊഴു വല്ലൂരിലുളള ഭാര്യവീടിന് സമീപം പുതുതായി പണികഴിപ്പിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനായി കഴിഞ്ഞ മേയ് 5ന് ജോലി സ്ഥലമായ ബംഗളുരുവിൽ നിന്നാണ് അനീഷ് നാട്ടിലേക്ക് പുറപ്പെട്ടത്. താൻ എത്തുന്ന വിവരം ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതിനുശേഷം അനിഷിന്റെ ഫോൺ സ്വിച്ചോഫ് ആയിരുന്നു. തുടർന്ന് അനീഷിനെ കാണാനില്ലെന്ന് കാട്ടി മേയ് 7ന് ബന്ധുക്കൾ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം നടത്തില്ല. 12ന് വൈകിട്ട് 3ന് അനീഷിന്റെ മൃതദേഹം കൊഴുവല്ലൂർ പാലനിൽക്കുന്നതിൽ ക്ഷേത്രത്തിനു സമീപമുള്ള റോഡിനോട് ചേർന്നുളള താഴ്ചയിൽ ജീർണ്ണിച്ച് പുഴുവരിച്ച നിലയിൽ കണ്ടെത്തി. ആൾത്താമസമുളള സ്ഥലത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സ്കൂൾ കുട്ടികളാണ് മൃതദേഹം കണ്ടത്. പ്രാഥമിക പരിശോധനയിൽ മരണത്തിൽ ദുരൂഹത ഉളളതായും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
അന്വേഷണം നിലച്ചതോടെയാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപികരിച്ചത്. സജി ചെറിയാൻ എം.എൽ.എ മുഖേന മുഖ്യ മന്ത്രിക്ക് നിവേദനം നൽകി. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നും അല്ലാത്തപക്ഷം സമരം ആരംഭിക്കുമെന്നും ആക്ഷൻ കൗൺസിൽ ചെയർമാൻ മുരളീധരൻപിളള, കോ-ഓർഡിനേറ്റർ മജീദ്, കൺവീനർ ശ്രീകുമാർ പുന്തല, രാധാകൃഷ്ണ കുറുപ്പ് എന്നിവർ പറഞ്ഞു.