d
കളക്ടററ്റ് കവാടത്തിനരികിൽ ധർണയിരിക്കുന്ന നളിനി

പത്തനംതിട്ട: പട്ടിക വർഗ വകുപ്പ് അനുവദിച്ച വീട് ലഭിക്കാൻ തടസം നിൽക്കുന്ന എസ്.ടി ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട് മലവേട സമുദായത്തിൽപ്പെട്ട സ്ത്രീ കളക്ടറേറ്റിന് മുന്നിൽ ഒറ്റയ്ക്ക് ധർണ നടത്തി. വി കോട്ടയം പാറയ്ക്കൽ കുമ്പളത്താമൺ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നളിനിയാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ കളക്ടറേറ്റ് കവാടത്തിന് മുന്നിൽ ഒറ്റയ്ക്ക് മുദ്രാവാക്യം വിളിച്ച് ധർണ നടത്തിയത്.

റാന്നിയിലെ എസ്.ടി പ്രൊമോട്ടർക്കെതിരെ മുഖ്യമന്ത്രിയ്ക്കും ഡി.ജി.പി.ക്കും ജില്ലാ കളക്ടർക്കും പരാതി കൊടുത്തിട്ടും അന്വേഷണം ഉണ്ടായില്ലെന്ന് നളിനി പറഞ്ഞു. എസ്.ടി പ്രൊമോട്ടർ തന്നെ ഭീഷണിപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന 36000 രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന് അവർ പറഞ്ഞു..

ഒരു മണിക്കൂറോളം ധർണയിരുന്നു. ഉച്ചയ്ക്ക് വെയിലത്തിരുന്ന് കരഞ്ഞ് മുദ്രാവാക്യം വിളിക്കുന്നത് കണ്ട് വഴിയാത്രക്കാർ പലരും കാര്യമന്വേഷിച്ചു. സമീപത്തെ കടയുടമ നളിനിക്ക് വെള്ളം കൊടുത്തു.

ജില്ലാ കളക്ടറെ നേരിട്ട് കണ്ട് നളിനിക്ക് വീണ്ടും പരാതി പറയണമെന്നുണ്ടായിരുന്നു. കളക്ടർ ഓഫീസിൽ ഇല്ലെന്ന് അറിഞ്ഞ് തിരിച്ചു പോയി. 85 വയസുള്ള മാതാവുമായി രണ്ടായിരം രൂപ വാടക നൽകിയാണ് വി കോട്ടയത്ത് താമസിക്കുന്നത്. വടശേരിക്കര സ്വദേശിയാണ് നളിനി.