22-vaalakathinal-nellu
വാളകത്തിനാൽ പു​ഞ്ച​യി​ലെ വി​ത്തു​വി​ത​യു​ടെ ഉ​ദ്​ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർ​വ​ഹി​ക്കുന്നു

പന്തളം :​ വാളകത്തിനാൽ പുഞ്ചയിൽ 39 വർഷമായി തരിശുകിടന്ന പന്ത്രണ്ടര ഏക്കർ ഇനി പച്ചപുതയ്ക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിത്ത് വിതച്ചു. കരിങ്ങാലിപ്പാടശേഖരത്തിന്റെ ഭാഗമാണ് വാളകത്തിനാൽ പുഞ്ച. ഈ പാടത്തിന്റെ ബാക്കി ഭാഗങ്ങളെല്ലാം തരിശുരഹിതമായെങ്കിലും പന്ത്രണ്ടര ഏക്കർ ഭാഗം കൃഷി ചെയ്യാതെ പുല്ലും പായലും പോളയും നിറഞ്ഞ് കിടക്കുകയായിരുന്നു. തരിശുനില കൃഷി പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ സഹായത്തോടെയാണ് കർഷകരായ അമ്പലം നിൽക്കുന്നതിൽ മധുസൂദനൻ നായർ, തേക്കുനിൽക്കുന്നതിൽ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കൃഷി ഇറക്കുന്നത്. പരമ്പരാഗത കൃഷിരീതി പരീക്ഷിക്കുകയാണ് ഇവിടെ. കൂടുതൽ സ്ഥലമുള്ളതിനാലും പൂട്ടുകാളയെ കിട്ടാത്തതിനാലും നിലം ട്രാക്ടർ ഉപയോഗിച്ച് ഉഴുതെങ്കിലും നിലം ഒരുക്കാൻ മരമടി നടത്തിയത് പരമ്പരാഗത രീതിയിൽ കാളയെ ഉപയോഗിച്ചാണ്. പാടം കൃഷിയോഗ്യമാക്കുന്നതിന് മൂന്നര ലക്ഷത്തോളം രൂപയാണ് ചെലവായത്. കൃഷി ഓഫീസർ സൗമ്യ ശേഖർ, കൃഷി അസിസ്റ്റന്റ് ശാരി ശങ്കർ ഉൾപ്പെടെയുള്ളവർ പിന്തുണയായി. നഗരസഭ ചെയർപേഴ്‌സൺ സുശീലാ സന്തോഷ്, വൈസ് ചെയർപേഴ്‌സൺ യു.രമ്യ, കൗൺസിലർമാരായ പന്തളം മഹേഷ്, കെ.ആർ.രവി, രാധാവിജയകുമാർ, ബെന്നി മാത്യു എന്നിവർ വിത്തിടീൽ ചടങ്ങിന് എത്തിയിരുന്നു.