തിരുവല്ല: ജീവിതശൈലി രോഗങ്ങൾ തടയുന്നതിന് കലാ-സാംസ്കാരിക പരിപാടികൾ പ്രോത്സാഹിപ്പിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച്ച്, തിരുവനന്തപുരം സൂര്യ സൊസൈറ്റിയുടെയും തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ റിസേർച്ച് സെന്റർ ഫോർ നോൺ കമ്മ്യൂണിക്കബിൾ ഡിസീസസിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ നടക്കുന്ന പരിപാടിയിൽ സൂഫിയും സുജാതയും എന്ന സിനിമയിലൂടെ പ്രശസ്തനായ സിയഉൾ ഹഖും സിജുകുമാറും നയിക്കുന്ന സൂഫി സംഗീതം അവതരിപ്പിക്കും. ഇത്തരത്തിൽ രാജ്യത്ത് നടക്കുന്ന ആദ്യത്തെ പരിപാടിയായ മൽഹാർ ഉത്സവിന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയാണ് വേദിയാവുക. പത്തനംതിട്ട സബ് ജഡ്ജ് എസ് ഷംനാദ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ഈയാഴ്ച്ചത്തെ പരിപാടിയിൽ റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും അടിയന്തര സേവനങ്ങൾ നടത്തുന്നവരെയും അനുസ്മരിച്ച് ദീപങ്ങൾ തെളിക്കും. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം നവംബറിലെ മൂന്നാം ഞായറാഴ്ച്ച മുതലുള്ള ഒരാഴ്ച്ചക്കാലം റോഡപകടങ്ങളിൽ ജീവിതം പൊലിഞ്ഞവരുടെ സ്മരണാഞ്‌ജലിക്കും റോഡപകട ബോധവത്കരണത്തിനുമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുകയാണ്. ഒരുവർഷം നീളുന്ന മൽഹാർ ഉത്സവിൽ പങ്കെടുക്കാൻ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വേദിയിലേക്ക് രാജ്യത്തിന്റെ അകത്തുനിന്നും പുറത്തു നിന്നുമായി ധാരാളം കലാകാരൻമാർ വ്യത്യസ്തമായ കലാപ്രകടനങ്ങളുമായി എത്തിച്ചേരും. ഒന്നിടവിട്ട ചൊവ്വാഴ്ചകളിൽ വൈകുന്നേരം നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.