 
ശബരിമല : പുല്ലുമേട് കാനനപാതയിലൂടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്നു. വണ്ടിപ്പെരിയാറിൽ എത്തി സത്രംവഴി പുല്ലുമേട്, പൂങ്കാവനം, പാണ്ടിത്താവളം വഴിയാണ് കാൽ നടയായി തീർത്ഥാടകർ സന്നിധാനത്ത് എത്തുന്നത്. പുല്ലുമേട് കാനനപാത പുരാതന പാതയാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ അയ്യപ്പഭക്തർ ഇതുവഴി കാൽനടയായി സഞ്ചരിച്ചിരുന്നു. വന്യമൃഗങ്ങളുടെ നിരന്തര സാന്നിദ്ധ്യമുള്ള കാനനപാതയുടെ ഇരുവശവും പുൽകാടുകളും വനവുമാണ്. വഴിയിലൂടെ ശരണമന്ത്രം ജപിച്ചു കൊണ്ടുള്ള യാത്ര അയ്യപ്പ ഭക്തരെ ഭക്തിയുടെ നിർവൃതിയിൽ എത്തിക്കുന്നു. വണ്ടിപ്പെരിയാർ സത്രം 13 കിലോമീറ്റർ ദൂരമാണുള്ളത്. അവിടെ നിന്ന് പുല്ലുമേട്ടിലേക്ക് 11 കിലോമീറ്റർ ദൂരമുണ്ട്. വൃശ്ചികം ഒന്നുമുതൽ ഇതുവഴി തീർത്ഥാടകർ എത്തുന്നുണ്ട്. ഇന്നലെ വരെ ആയിരത്തിൽ അധികം തീർത്ഥാടകരാണ് പുൽമേടുവഴി സന്നിധാനത്ത് എത്തിയത്. രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഈ പാതയിലൂടെ തീർത്ഥാടകരെ കയറ്റിവിടുന്നത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ കാനനപാതയിലെ സുരക്ഷശക്തമാക്കിയിട്ടുണ്ട്.