koprakkalam-

ശബരിമല : ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോടെ കൊപ്രാക്കളവും ഉണർന്നു. ലേലത്തിൽ ദേവസ്വം ബോർഡിന് ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് കൊപ്രാക്കളത്തിൽ നിന്നുമാണ്. 5.45 കോടി രൂപയാണ് ഇത്തവണ കൊപ്രാക്കളത്തിന്റെ ലേലത്തുകയായി ബോർഡിന് ലഭിച്ചത്.
7.20 കോടി രൂപയായിരുന്നു ബോർഡ് നിശ്ചയിച്ചിരുന്ന അടിസ്ഥാന തുക. എന്നാൽ മൂന്ന് തവണ ലേലം നടന്നിട്ടും ആരും എത്താത്തതോടെ അടിസ്ഥാന തുക കുറച്ച് തൃശൂർ സ്വദേശി ഗോപാലൻ, വേലഞ്ചിറ സ്വദേശി ഭാസ്ക്കരൻ എന്നിവർക്ക് 5.45 കോടി രൂപയ്ക്ക് ലേലം ഉറപ്പിച്ചു നൽകുകയായിരുന്നു. 1.82 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ ലേലത്തുക. ഭക്തർ പതിനെട്ടാംപടിക്ക് താഴെ ഉടയ്ക്കുന്നതും മാളികപ്പുറത്ത് ഉരുട്ടുന്നതും ശബരീപീഠം, ശരംകുത്തി എന്നിവിടങ്ങളിൽ ഉടയ്‌ക്കുന്നതുമായ നാളികേരമാണ് ശേഖരിക്കുന്നത്.

അരവണ നിർമ്മാണശാല കഴിഞ്ഞാൽ സന്നിധാനത്ത് ഏറ്റവും അധികം പേർ ജോലി ചെയ്യുന്നതും കൊപ്രാക്കളത്തിലാണ്. 300 തൊഴിലാളികളാണ് ഇവിടെയുള്ളത്. പതിനെട്ടാംപടിക്ക് സമീപം ഉടയ്ക്കുന്ന നാളികേരം ചുമന്ന് കളത്തിൽ എത്തിക്കുന്നതിന് മൂന്ന് ഷിഫ്റ്റുകളിലായി 100 പേർ ജോലി ചെയ്യുന്നുണ്ട്. ഇവിടെ നിന്ന് സംഭരിക്കുന്ന കൊപ്ര പ്രധാനമായും ആലപ്പുഴ, തൃശൂർ, തമിഴ്നാട് എന്നിവിടങ്ങളിലെ വിപണികളിലേക്കാണ് പോകുന്നത്.