പത്തനംതിട്ട : ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ഖത്തർ പുറത്തിറക്കിയ സ്പെഷ്യൽ റിയാൽ സ്വന്തമാക്കിയിരിക്കുകയാണ് ഓമല്ലൂർ സ്വദേശി സേതുമാധവൻ. ലോകകപ്പ് വർഷമായ 2022നെ സൂചിപ്പിക്കാനാണ് ഖത്തർ സെൻട്രൽ ബാങ്ക്, സുപ്രീം കമ്മിറ്റി ഫോർ പ്രോജക്ട് ആൻഡ് ലെഗസി എന്നിവ ചേർന്ന് 22ന്റെ റിയാൽ കഴിഞ്ഞ 9ന് പുറത്തിറക്കിയത്. ലോകകപ്പ് ലോഗോ, ഉദ്ഘാടന മത്സരവേദിയായ അൽ ബെയ്ത് സ്റ്റേഡിയം, ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം, ഖത്തറിന്റെ ദേശീയ ചിഹ്നം, സുബാര കോട്ട എന്നിവയുടെ ചിത്രങ്ങളാണ് 22 റിയാലിന്റെ കറൻസിയിലുള്ളത്. 22 റിയാൽ കറൻസി ആണെങ്കിലും സ്പെഷ്യൽ എഡിഷൻ ആയതുകൊണ്ട് 75 റിയാൽ ആണ് വില വരുന്നത്.
റിയാൽ പുറത്തിറങ്ങിയപ്പോൾ ഖത്തറിലുള്ള സുഹൃത്ത് വഴി സ്പെഷ്യൽ എഡിഷൻ കറൻസി സംഘടിപ്പിക്കുകയായിരുന്നു സേതുമാധവ്. പത്ത് വർഷത്തിലധികമായി പുരാവസ്‌തുക്കളും നാണയങ്ങളും കറൻസികളും ശേഖരിക്കുന്നത് വിനോദമാക്കിയിരിക്കുകയാണ്. ജില്ലയിൽ മറ്റ് പലരും കറൻസിക്ക് ഓർഡർ നൽകിയിട്ടുണ്ടെങ്കിലും ആർക്കും ഇതുവരെ ലഭിച്ചിട്ടില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങളും ചക്രങ്ങളുമെല്ലാം സേതുവിന്റെ കയ്യിൽ ഭദ്രമാണ്. പഴയ കാമറകളുടെ ശേഖരവുമുണ്ട്. വെഡിംഗ് ഇവന്റ് മാനേജ്മെന്റ് നടത്തുന്നയാളാണ് സേതുമാധവൻ. ഭാര്യ ബൃന്ദ, മകൻ സമന്യു. ഓമല്ലൂർ അനിൽ ബ്രദേഴ്സ് കേറ്ററിംഗിന്റെ ഉടമ അനിൽ - ശോഭന ദമ്പതികളുടെ മകനാണ്.