പ്രമാടം : കോന്നി വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവ വേദികൾക്ക് സമീപം പുറത്തു നിന്ന് എത്തിയ വിദ്യാർത്ഥികളുടെ സംഘർഷ പരമ്പര. ഇതേ തുടർന്ന് വേദികളിൽ കാവൽ ഏർപ്പെടുത്തുകളും പ്രമാടത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ, ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് കലോത്സവം നടക്കുന്നത്. രചനാ മത്സരങ്ങൾ നടന്ന തിങ്കളാഴ്ചയും ഉദ്ഘാടന ദിവസമായ ഇന്നലെയും നിരവധി തവണയാണ് സംഘർഷങ്ങളുണ്ടായത്. പുറത്തു നിന്ന് എത്തുന്ന കുട്ടികളാണ് ഇതിന് പിന്നിൽ. സ്കൂൾ തിരിഞ്ഞാണ് സംഘർഷങ്ങൾ നടക്കുന്നത്. സംഘാടകർക്ക് നേരെയും കുട്ടികൾ തിരഞ്ഞതോടെ ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി റോഡിൽ കൂട്ടം കൂടി നിന്ന കുട്ടികളെ പിരിച്ചുവിട്ടു. വീണ്ടും സംഘം ചേർന്നതോടെ ഇവരെ വിരട്ടി ഓടിക്കുകയായിരുന്നു. തുടർന്ന് വേദികളിലും റോഡിലും പൊലീസ് കാവൽ ഏർപ്പെടുത്തി.