23-traffic-jam
പന്തളത്തെ ഗതാഗത കുരുക്ക്

പന്തളം: ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ പന്തളത്ത് ഗതാഗതക്കുരുക്ക് രൂക്ഷം . നഗരസഭ നടപ്പാക്കിയ കുത്തഴിഞ്ഞ ഗതാഗത പരിഷ്‌കാരം കാരണം യാത്രക്കാർ ദുരിതത്തിലാണ് . പന്തളം ബൈപ്പാസ് ,മേൽപ്പാലം ,തുടങ്ങിയ നിരവധി വാഗ്ദാനങ്ങൾ മാറിമാറിവരുന്ന ജനപ്രതിനിധികൾ നൽകാറുണ്ടെങ്കിലും ഒന്നും നടപ്പായില്ല. കാര്യക്ഷമമായ ഗതാഗത സംവിധാനം നടപ്പാക്കാൻ പോലും കഴിഞ്ഞില്ല. നോ പാർക്ക് ഏരിയയിൽ പോലും വാഹനം പാർക്ക് ചെയ്യുന്നുണ്ട്.
പന്തളം- മാവേലിക്കര റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നിറങ്ങുന്ന ബസുകൾക്കുള്ള സ്റ്റോപ്പ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തും ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾക്ക് ആറ്റിൻകര ഇലക്ട്രോണിക്‌സിനു മുമ്പിലുമാണ് സ്റ്റോപ്പ് നിശ്ചയിച്ചത്. . പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നിറങ്ങുന്ന ബസുകൾ ഇപ്പോഴും സ്റ്റാൻഡിന് എതിർവശത്ത് മിനിറ്റുകളോളമാണ് യാത്രക്കാരെ കയറ്റാൻ നിറുത്തിയിടുന്നത്.
കെ.എസ്.ആർ.ടി.സി ബസുകൾ ജംഗ്ഷൻ മുതൽ നഗരസഭാ കാര്യാലയത്തിനു മുൻഭാഗം വരെ തോന്നുന്നിടത്തു തന്നെയാണ് നിറുത്തുന്നത്. വാഹനങ്ങളുടെ പാർക്കിംഗിന്റെ കാര്യത്തിലും മാറ്റമൊന്നുമില്ല. ഇതോടെ നഗര ഹൃദയത്തിലെ ഗതാഗതക്കുരുക്ക് പഴയതുപോലെ തുടരുകയാണ്.എം.സി റോഡിൽ തെക്ക് ഭാഗത്ത് എൻ.എസ്.എസ് ഗേൾസ് സ്‌കൂളിനു മുന്നിൽ മാത്രമാണ് വെയിറ്റിംഗ് ഷെഡ് ഉള്ളത്.

നടപ്പാകാതെ നിർദ്ദേശങ്ങൾ

പിക് അപ് വാനുകൾക്കും ടെമ്പോ ട്രാവലറുകൾക്കും പാട്ടുപുരക്കാവ് സരസ്വതീ ക്ഷേത്രത്തിന് (നവരാത്രി മണ്ഡപം) വടക്കുവശത്താണ് സ്റ്റോപ്പ് നിശ്ചയിച്ചിട്ടുള്ളത്. ഡ്രൈവർമാർ ആ തീരുമാനം നടപ്പാക്കാൻ സഹകരിക്കുന്നതു കൊണ്ട് അതു മാത്രമാണ് പ്രാവർത്തികമായിട്ടുള്ളത്. മറ്റ് നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. എം സി റോഡിലും പത്തനംതിട്ട റോഡിലും പഴയപടി തന്നെയാണ് സ്റ്റോപ്പുകൾ. പാർക്കിങ്ങ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല, വഴിയോര കച്ചവടക്കാർ ചന്തയിൽ എത്തി കച്ചവടം നടത്തണമെന്ന നിർദ്ദേശവും പൂർണമായും പാലിക്കുന്നില്ല. മാവേലിക്കര റോഡിൽ കുറുന്തോട്ടയം ചന്തയ്ക്ക് മുൻവശത്തും പത്തനംതിട്ട റോഡിൽ ജംഗ്ഷന് കിഴക്ക് വൈ.എം തുണിക്കടയുടെ മുൻ ഭാഗത്ത് വരെയും. സിഗ്‌നൽ കിട്ടുന്നതിന് മിനിറ്റുകളോളം കാത്തുകിടക്കണം. ഇത് ദീർഘദൂര യാത്രക്കാർക്കടക്കം ബുദ്ധിമുട്ടാണ്.

കുരമ്പാല -പൂഴിക്കാട്- മുട്ടാർ റോഡ് വീതി കൂട്ടി വയറപ്പുഴ പാലം പണിത് അതിലൂടെ കുളനട ഞെട്ടൂർ വഴി എം.സി.റോഡിൽ മാന്തുകയിലെത്തുന്നതിനു വേണ്ട ക്രമീകരണം ചെയ്യണം. ബൈപ്പാസും നിർമ്മിക്കണം.


ജോൺ തുണ്ടിൽ

കേരള കൗമുദി ഏജന്റ് പന്തളം.