railway-station-road
ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷൻ റോഡ് വഴിയോരക്കച്ചവടക്കാരും വ്യാപാരികളും കൈയ്യേറിയനിലയിൽ

ചെങ്ങന്നൂർ: മാവേലിക്കര, ചെറിയനാട്, മാന്നാർ, ബുധനൂർ എന്നിവിടങ്ങളിൽ നിന്നും ചെങ്ങന്നൂർ ടൗണിലേക്കെത്തുന്ന സ്വകാര്യ ബസുകൾ റെയിൽവെ സ്റ്റേഷന് സമീപമുള്ള മുനിസിപ്പൽ ബസ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം യാത്രക്കാരെ വലയ്ക്കുന്നു. ഇതുമൂലം മിനി സിവിൽ സ്റ്റേഷൻ, ജില്ലാ ആശുപത്രി, കോടതികൾ, അഭിഭാഷക ഓഫീസുകൾ, ആർ.ഡി.ഒ. ഓഫീസ് ഉൾപ്പെടെയുളള സർക്കാർ ഓഫീസുകളിലേക്കും ശാസ്താംപുറം ചന്തയിലെ സ്ഥാപനങ്ങളിലേക്കും പോകേണ്ട യാത്രക്കാർ അധികമായി ഒന്നര കിലോമീറ്റർ നടക്കേണ്ട ഗതികേടിലാണ്. അല്ലാത്തപക്ഷം ആറന്മുള ഭാഗത്തേക്കുള്ള ബസിനായി കാത്തുനിൽകണം.ഇതിനായി 10രൂപ അധികമായി നൽകേണ്ടി വരുന്നു. അത്യാവശ്യമെങ്കിൽ ഓട്ടോറിക്ഷയിൽ കയറിയാൽ 50 മുതൽ 60 രൂപ വരെയാണ് ഈടാക്കുന്നത്.ആശുപത്രിയിലെത്തുന്നവർക്കും നിത്യവൃത്തിക്കായി നഗരത്തിലെത്തുന്ന സാധാരണക്കാരെയും പരിഷ്‌കരണം ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇതിന് പുറമേ നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന എം.സി റോഡിനു സമീപത്തെ നന്ദാവനം ജംഗ്ഷനിലെ സ്റ്റോപ്പ് നിറുത്തലാക്കിയതും തിരിച്ചടിയായി.ചെറിയനാട്, പുലിയൂർ, ബുധനൂർ, പാണ്ടനാട് എന്നീ സ്ഥലങ്ങൾ വഴിയുള്ള ബസ് സർവീസ് ആരംഭിക്കുന്ന എൻജിനീയറിംഗ് കോളേജ് ജംഗ്ഷനിലെ ഉൾപ്പെടെ വിവിധ സ്റ്റോപ്പുകൾ നിറുത്തലാക്കിയതും അശാസ്ത്രീയമാണെന്നു സ്ഥിരം യാത്രക്കാർ പറയുന്നു.

നടപ്പാതകൾ കച്ചവടക്കാർ കൈയേറി
നഗരത്തിൽ റെയിൽവേ സ്റ്റേഷൻ റോഡ് വഴിയോര കച്ചവടക്കാർ കൈയേറി. ഇതോടെ കാൽനട യാത്രക്കാരും, വാഹനങ്ങളും ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നു പോകുന്നത്. തിരക്കേറിയ സമയത്തും ഇവ നിയന്ത്രിക്കാൻ സംവിധാനമില്ല. താത്കാലിക ഹോട്ടലുകളും, ഉപ്പേരി അടക്കം തയാറാക്കുന്ന കടകളും തുറന്നിട്ടുണ്ട്.അഗ്‌നിസുരക്ഷ ഉപകരണങ്ങളടക്കം പ്രദേശത്ത് സ്ഥാപിക്കണമെന്നു നിർദേശിച്ചിരുന്നു. എന്നാൽ യാതൊരുവിധ സുരക്ഷ സംവിധാനങ്ങളും നിലവിൽ ഒരുക്കിയിട്ടില്ല. നഗരസഭയിൽ നിന്നും അനുമതി കൊടുക്കുന്ന മുറയ്ക്കാണ് താത്കാലിക കച്ചവടകേന്ദ്രങ്ങൾ അനുവദിക്കുന്നത്.

സൂചനാ ബോർഡില്ല, വിലവിവരപട്ടികയില്ല, പരിശോധന നിലച്ചു

കഴിഞ്ഞ 15ന് മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയാക്കണമെന്ന് ദേവസ്വം മന്ത്രി പങ്കെടുത്ത അവലോകനയോഗത്തിൽ കർശന നിർദ്ദേശം നൽകിയെങ്കിലും തീർത്ഥാടനം ആരംഭിച്ച് ഏഴ് ദിവസം പിന്നിടുമ്പോഴും ഇടത്താവളമായ ചെങ്ങന്നൂരിൽ ഒരിടത്തും ആവശ്യത്തിന് സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.താത്കാലിക ഹോട്ടലുകളിലും, കടകളിലുമടക്കം വിലവിവര പട്ടികയും പ്രദർശിപ്പിച്ചിട്ടില്ല.ഓട്ടോ ടാക്‌സി നിരക്കുകളും കൃത്യമായി പ്രദർശിപ്പിച്ചിട്ടില്ല.തീർത്ഥാടനം ആരംഭിക്കുന്നതിന് മുൻപ് വരെ സജീവമായിരുന്ന ഭക്ഷ്യസുരക്ഷ,നഗരസഭ ആരോഗ്യവിഭാഗങ്ങളുടെ പരിശോധനയും നിലച്ചു. തീർത്ഥാടകർ ഇറങ്ങുന്ന റെയിൽവേ സ്റ്റേഷൻ മേഖലയിൽ തുറന്നുവച്ച നിലയിലാണ് ഹൽവയും, ഉപ്പേരിയും അടക്കമുള്ള ഭക്ഷണങ്ങൾ തയാറാക്കിവച്ചിരിക്കുന്നത്.

പ്രതിഷേധിച്ച് രാഷ്ട്രീയകക്ഷികൾ

മണ്ഡലകാലം പ്രമാണിച്ച് ചെങ്ങന്നൂർ ടൗണിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരങ്ങൾ യാത്രക്കാരെയും പൊതുജനങ്ങളെയും ദുരിതത്തിലാക്കിയെന്ന് വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ പറഞ്ഞു. ഗതാഗതപരിഷ്‌കരണം സംബന്ധിച്ച് യോഗം വിളിച്ചു ചേർക്കണമെന്ന് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ആർ.പ്രസന്നൻ (ലോക് താന്ത്രിക് ജനതാദൾ), പി.ജി. മുരുകൻ (കോൺഗ്രസ് (എസ്)), കെ.കരുണാകരൻ (എൻ.സി.പി.),എൻ.ആനന്ദൻ പിള്ള (ആർ.എസ്.പി.ലെഫ്റ്റ്), മധു ചെങ്ങന്നൂർ (എസ്.യു.സി.ഐ.കമ്യൂണിസ്റ്റ് ) എന്നിവർ ആവശ്യപ്പെട്ടു.