അടൂർ : കെ.എസ്.ആർ.ടി.സി ഡിപ്പോ തുടങ്ങിയകാലം മുതൽ സ്പെഷ്യൽ ഡിപ്പോയുടെ പട്ടികയിൽ ഉൾപ്പെടുത്തി ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥ്യം പമ്പയ്ക്ക് സർവീസ് നടത്തിവന്നതാണ്. എന്നാൽ ഈത്തവണ അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക്സ്പെഷ്യൽ ഡിപ്പോയുടെ പരിഗണനയില്ല. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരിൽ നാലുപേരെ പമ്പ, പത്തനംതിട്ട ഡിപ്പോകളിലേക്ക് താൽക്കാലികമായി മാറ്റി നിയമിക്കുകയും ചെയ്തതോടെ ജില്ലയിലെ രണ്ടാമത് മെക്കാനിക്കൽ വിഭാഗമുള്ള അടൂരിൽ ആവശ്യത്തിന് ജീനക്കാരുമില്ലാത്ത സ്ഥിതിയായി. അടൂരിൽ നിന്നും പമ്പയ്ക്ക് സ്പെഷ്യൽ സർവീസ് ഇല്ലാതായതോടെ വിവിധ സ്ഥലങ്ങളിൽ നിന്നും അടൂരിലെത്തുന്ന ശബരിമല തീർത്ഥാടകർ വലയുകയാണ്. മുൻ കാലങ്ങളിൽ തിരക്ക് ഏറെയുള്ള അവസരങ്ങളിൽ അഞ്ചുമുതൽ പത്ത് സർവീസുകൾ വരെ പമ്പയ്ക്ക് നടത്തിയ ഡിപ്പോയാണിത്. തിരക്കില്ലാത്ത സമയങ്ങളിൽ അഞ്ച് സർവീസുകൾ വരെയും നടത്തിയിരുന്നു. നിലവിൽ അടൂർ ഡിപ്പോയിൽ എത്തുന്ന തീർത്ഥാടകർ തിരുവനന്തപുരം, കൊട്ടാരക്കര, കൊല്ലം ഡിപ്പോകളിൽ നിന്നും എത്തുന്ന ബസുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇൗ ബസുകളിൽ പലതും ശരാശരി യാത്രക്കാരുമായി വരുന്നതാണ്. സീറ്റ് കാലിയായിട്ടുള്ള ബസുകൾ മാത്രമാണ് ഡിപ്പോയിൽ പ്രവേശിക്കുന്നത്. സംഘമായി എത്തുന്ന തീർത്ഥാടകർക്ക് ഒരുമിച്ച് യാത്രചെയ്യാനും ഇക്കാരണത്താൽ കഴിയുന്നില്ല. തീർത്ഥാടകർക്കായി പത്തനംതിട്ട ഡിപ്പോയിലേക്ക് ഒാർഡിനറി സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്നതാണ് നിലവിലുള്ള ഏക ആശ്രയം. വെർച്വൽ ക്യൂവിൽ അനുവദിക്കപ്പെട്ട സമയത്ത് പലർക്കും പമ്പയിൽ എത്തിച്ചേരാൻ കഴിയാതെ വരുന്നുഎന്ന പരാതിയും നിലവിലുണ്ട്.
......................
ഡിപ്പോയുടെ പ്രധാന്യം മനസിലാക്കി അടൂരിൽ നിന്നും പമ്പയ്ക്ക് സ്പെഷ്യൽ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടി വേണം. ഇക്കാര്യത്തിൽ സ്ഥലം എം. എൽ.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രത്യേക താൽപ്പര്യമെടുത്ത് അനുകൂല നടപടി സ്വീകരിക്കാൻ തയാറാകണം.
അനിൽ നെടുമ്പള്ളിൽ,
(ബി.ജെ.പി അടൂർ നിയോജകമണ്ഡലം പ്രസിഡന്റ്)