പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലഘട്ടത്തിൽ നിലയ്ക്കലിൽ നിന്നും പമ്പയിലേക്കും തിരികെയും സൗജന്യ യാത്രാ സൗകര്യം ഒരുക്കി നൽകാൻ വിശ്വഹിന്ദു പരിഷത്ത് തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് സംബന്ധിച്ച് കളക്ടർക്ക് നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു. നിലയ്ക്കൽ പമ്പാ റൂട്ടിൽ യഥാർത്ഥ യാത്രാ നിരക്കിനെക്കാൾ വളരെ കൂടിയ നിരക്കാണ് കെ. എസ്. ആർ. ടി. സി ഈടാക്കുന്നത്. 22 കിലോമീറ്റർ ദൂരം മാത്രമുള്ള നിലയ്ക്കൽ പമ്പാ റൂട്ടിൽ ഈടാക്കേണ്ട 32 രൂപ നിരക്കിന് പകരമായി അൻപതു രൂപയും , എ. സി ബസുകൾക്ക് 65 രൂപക്ക് പകരമായി 80 രൂപയുമാണ് ഈടാക്കുന്നത് . പത്തനംതിട്ട- പമ്പാ യാത്രയ്ക്ക് 112 രൂപയ്ക്ക് പകരം 143 രൂപയും ചെങ്ങന്നൂർ പമ്പാ ചാർജായി 141 രൂപയ്ക്ക് പകരം 180 രൂപയും അന്യായമായി വാങ്ങുന്നു . അയ്യപ്പ ഭക്തൻമാർക്കുണ്ടാകുന്ന ഈ പ്രശ്‌നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നിലയ്ക്കൽ പമ്പാ റൂട്ടിൽ 20 ടെമ്പോ ട്രാവലറുകൾ സൗജന്യമായും തുടർച്ചയായും സർവീസ് നടത്താൻ വിശ്വഹിന്ദു പരിഷത്ത് തയ്യാറാണ് . . വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് അഡ്വ . അനിൽ വിളയിൽ , കെ. എൻ. സതീഷ് എന്നിവരും പങ്കെടുത്തു.