biodiversity
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ തണുങ്ങാട്ടിൽ പാലത്തിനു സമീപം ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ഔഷധ സസ്യതൈ നട്ട് നിർവഹിക്കുന്നു

കോഴഞ്ചേരി : തണുങ്ങാട്ടിൽ പാലത്തിനു സമീപം ജൈവവൈവിദ്ധ്യ ഉദ്യാനത്തിന്റെ നിർമ്മാണം പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ഔഷധ സസ്യത്തൈ നട്ട് നിർവഹിച്ചു. ജില്ലാ പഞ്ചായത്തും ആർ.കെ.ഐ കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡും സംയുക്തമായി നടപ്പിലാക്കുന്ന പമ്പാ നദീതീര പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായാണ് ജൈവവൈവിദ്ധ്യ ഉദ്യാനം നിർമ്മിക്കുന്നത്. 2018ലെ മഹാപ്രളയത്തിൽ നഷ്ടപ്പെട്ട സസ്യജൈവ സമ്പത്തിനെ വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് പമ്പാ നദീതീര പുനരുജ്ജീവനം പദ്ധതി നടപ്പിലാക്കുന്നത്. തനതു നാടൻ ഇനങ്ങളിൽ ഉൾപ്പെട്ട ഔഷധഫല വൃക്ഷ തൈകളും ലതകളും അലങ്കാരച്ചെടികളും ഉൾപ്പെടുന്ന ഉദ്യാനത്തിലൂടെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ജൈവവൈവിദ്ധ്യത്തിന്റെ പുതിയ അറിവുകൾ ലഭിക്കും. സന്ദർശകർക്ക് സസ്യങ്ങളെ തിരിച്ചറിയുന്നതിനായി ഉദ്യാനത്തിലെ എല്ലാ ചെടികളുടെയും സാധാരണ നാമം, ശാസ്ത്രീയ നാമം എന്നിവയടങ്ങിയ ബോർഡുകൾ സ്ഥാപിക്കും. ജൈവവൈവിദ്ധ്യ ഉദ്യാന രജിസ്റ്ററിലൂടെ ഓരോ സസ്യത്തിന്റെയും പ്രാധാന്യവും ബന്ധപ്പെട്ട അറിവുകളും സന്ദർശകർക്ക് ലഭിക്കും. വൈസ് പ്രസിഡന്റ് മിനി സുരേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റോയ് ഫിലിപ്പ്, ആരോഗ്യവിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിത ഫിലിപ്പ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുമിത ഉദയകുമാർ, വാർഡ് മെമ്പർമാരായ ബിജിലി പി.ഈശോ, ബിജോ പി മാത്യു, ടി.വാസു, മേരിക്കുട്ടി ടീച്ചർ, ഗീതു മുരളി, ജൈവവൈവിദ്ധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ അരുൺ സി.രാജൻ, ബി.എം.സി. അംഗങ്ങൾ, നിർമ്മാണ സ്ഥാപനമായ സുസ്ഥിര പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.