പത്തനംതിട്ട : വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് മറുപടി നൽകാൻ 30 ദിവസം കാത്തിരിക്കുന്നത് ശരിയല്ലെന്ന് സംസ്ഥാന വിവരവകാശ കമ്മിഷണർ എ.എ. ഹക്കിം പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ഹിയറിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണി ആയേക്കാവുന്ന വിവരങ്ങൾ 48 മണിക്കൂറിനകം അപേക്ഷകന് ലഭിച്ചിരിക്കണം. അല്ലാത്തവ പരമാവധി വേഗത്തിൽ നൽകണമെന്നാണ് നിയമം. വിവരം ലഭ്യമാക്കാൻ തടസങ്ങൾ ഉണ്ടാകുന്ന ഘട്ടത്തിൽ പോലും 30 ദിവസത്തിൽ കൂടുതൽ എടുക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. അത്തരം ഘട്ടത്തിൽ ബന്ധപ്പെട്ട ഓഫീസർ കാലതാമസത്തിനുള്ള കാരണം ബോദ്ധ്യപ്പെടുത്തണം.
ഏത് അപേക്ഷ കിട്ടിയാലും 30 ദിവസം കഴിഞ്ഞു മറുപടി മതിയെന്ന പതിവ് ധാരണ തെറ്റാണ്. വിവരവകാശ അപേക്ഷകരെ പബ്ലിക് ഓഫീസറും ഒന്നാം അപ്പീൽ അധികാരിയും ഹിയറിംഗിനു വിളിക്കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തമായി ഫയൽ പഠിക്കാതെ വന്ന ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ഫയലുമായി ഈ മാസം 24 നു കമ്മിഷൻ ആസ്ഥാനത്ത് എത്താൻ നിർദേശം നൽകി. ഒരു വർഷം അപേക്ഷകന് മറുപടി നൽകാഞ്ഞ പത്തനംതിട്ട നഗരസഭ ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. ഉദ്യോഗസ്ഥരുടെ വ്യക്തി വിവരങ്ങൾ അന്വേഷിച്ച രണ്ട് അപേക്ഷകളിൽ വിവരം നൽകേണ്ടതില്ലെന്ന് കമ്മീഷൻ ഉത്തരവായി. ആകെ പരിഗണിച്ച 15 അപേക്ഷകളിൽ 13 എണ്ണവും തീർപ്പാക്കി.