സീതത്തേ ട് : വന വിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ മൂന്നു ദിവസമായി കാണുന്നില്ലെന്ന് പരാതി. ആങ്ങമൂഴി പാലത്തടിയാർ രാമചന്ദ്രനെ(45)യാണ് കഴിഞ്ഞ 18 ന് രാവിലെ എട്ടര മുതൽ കാണാനില്ലെന്ന് കാട്ടി ഒപ്പം കഴിഞ്ഞിരുന്ന കൃഷ്ണൻകാണി മൂഴിയാർ പൊലീസിൽ

പരാതി നൽകിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ചങ്ങാടം കക്കി ഡാമിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി. ഇതിൽ ഒരു കെട്ടു വിറകും ഭക്ഷണവും ഉണ്ടായിരുന്നു. രാമചന്ദ്രൻ ഡാമിൽ വീണിരിക്കാമെന്ന സംശയത്തിൽ ഫയർഫോഴ്സും സ്കൂബ ടീമും തെരച്ചിൽ തുടങ്ങി.

രാമചന്ദ്രൻ അവിവാഹിതനാണ്. ബന്ധുക്കളെപ്പറ്റിയും വിവരമില്ല. കൃഷ്ണൻ കാണിക്കൊപ്പമായിരുന്നു താമസം. വനവിഭവങ്ങൾ ശേഖരിച്ച് വിറ്റാണ് ജീവിക്കുന്നത്. രാവിലെചങ്ങാടത്തിൽ ഡാം മുറിച്ചു കടന്ന് വനത്തിൽ കയറി കുന്തിരിക്കം പോലുള്ള വനവിഭവങ്ങൾ ശേഖരിച്ച് വൈകുന്നേരം മടങ്ങുന്നതാണ് പതിവ്. ഇയാൾക്ക് പല വിധ അസുഖങ്ങളും ഉള്ളതായി പറയുന്നു.