 
കടമ്പനാട് : ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്ന് വർഷമായെങ്കിലും വേലുത്തമ്പി സ്മാരകത്തിലെ ലൈബ്രറിയിൽ ഒരു പുസ്തകം പോലും എത്തിക്കാനായില്ല. മണ്ണടി ദളവാസ്മാരകത്തിന്റെ വികസനത്തിന്റെ ഭാഗമായി ലൈബ്രറിയും പഠന ഗവേഷണ കേന്ദ്രവും സ്ഥാപിക്കുകയെന്നത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ സ്വപ്ന പദ്ധതിയാണ്. എം.എൽ എ ആസ്തിവികസന ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ച് മനോഹരമായ കെട്ടിടം പണിയുകയും ചെയ്തു. 2019 ലെ ലോകസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ലൈബ്രറി അന്നത്തെ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനവും ചെയ്തു. പുസ്തകം വയ്ക്കാൻ ഷെൽഫ് പോലും നിർമ്മിച്ചിട്ടില്ല. ത്രിതല പഞ്ചായത്തുകളാണ് പുസ്തകം വാങ്ങാൻ പണം അനുവദിക്കേണ്ടത്. പുരാവസ്തു വകുപ്പിന് പുസ്തകം വാങ്ങാൻ പണം അനുവദിക്കാൻ കഴിയില്ല. ദളവാ സ്മാരകത്തിന്റെ വികസനത്തിന് 3 കോടി രൂപ സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അതിൽ ഉൾപ്പെടുത്തി പുസ്തകം വാങ്ങാൻ പദ്ധതിയുണ്ടെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടർ പറഞ്ഞു. ഇതിനായി സർക്കാർ ഏജൻസിയായ ബുക്ക് മാർക്കിനോട് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടന്നും ഡയറക്ടർ അറിയിച്ചു. ദളവാ മ്യൂസിയം എന്നത് പേരിൽ മാത്രമൊതുങ്ങുന്നു എന്ന ആക്ഷേപത്തിനൊടുവിലാണ് പഠന ഗവേഷണ കേന്ദ്രവും ലൈബ്രറിയും സ്ഥാപിക്കാൻ ശ്രമിച്ചത്.
കെട്ടിടത്തിന് ചെലവിട്ടത് : 65 ലക്ഷം രൂപ
ദളവാ മ്യൂസിയത്തിന്റെ
വികസനത്തിന് അനുവദിച്ചത് : 3 കോടി
വേലുത്തമ്പി ദളവാ മ്യൂസിയത്തിന്റെ വികസനത്തിനായി സർക്കാർ മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആ തുകയിൽ ഉൾപ്പെടുത്തി ലൈബ്രറിയുടെ തുടർ പ്രവർത്തനം സാദ്ധ്യമാക്കും.
ചിറ്റയം ഗോപകുമാർ, ഡെപ്യൂട്ടി സ്പീക്കർ