memo

പത്തനംതിട്ട: എൽ.ഡി ക്ളാർക്ക് ഉദ്യോഗാർത്ഥികൾക്ക് ചട്ടം ലംഘിച്ച് നിയമന ഉത്തരവ് നൽകിയ സംഭവം തിരുവല്ല സബ് കളക്ടർ ശ്വേത നാഗർകോട്ടി അന്വേഷിക്കും. സി.പി.ഐ യൂണിയനായ ജോയിന്റ് കൗൺസിലിന്റെ രണ്ട് നേതാക്കളാണ് ഉത്തരവ് ഉദ്യോഗാർത്ഥികൾക്ക് നൽകിയതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

നിയമന ഉത്തരവ് രജിസ്റ്റേഡ് തപാൽ വഴി ഉദ്യോഗാർത്ഥികൾക്ക് നൽകണമെന്നാണ് ചട്ടം. തപാൽ മുഖേനയാണ് ഉദ്യോഗാർത്ഥികൾക്ക് ഉത്തരവ് നൽകേണ്ടത്. 25 പേർക്കുള്ള നിയമന ഉത്തരവ് കളക്ടർ ഒപ്പിട്ടയുടൻ രണ്ട് ഉദ്യോഗാർത്ഥികൾക്ക് വാട്സാപ്പ് വഴി അയച്ചുകൊടുക്കുകയും അവർ പ്രിന്റൗട്ടുമായി അടൂർ താലൂക്ക് ഒാഫീസിൽ ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു.

ജില്ലാ കളക്ടറുടെ സീക്രഡ് സെക്ഷനിൽ നിന്നാണ് ഉത്തരവ് ചോർന്നതെന്ന സംശയം ബലപ്പെടുന്നു. കളക്ടറുടെ സീക്രട്ട് സെക്ഷനിൽ ജോലി ചെയ്തിരുന്ന നേതാവ് സീക്രട്ട് സെക്ഷനിലെ

കമ്പ്യൂട്ടർ പാസ് വേർഡ് മനസിലാക്കി ഉത്തരവിന്റെ പകർപ്പ് ഉദ്യോഗാർത്ഥിക്ക് അയച്ചുകൊടുക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നു. ജോയിന്റ് കൗൺസിൽ ജീവനക്കാർ തമ്മിൽ സംഘടനാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ പടലപ്പിണക്കത്തെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് എൻ.ജി.ഒ സംഘ്, എൻ.ജി.ഒ അസോസിയേഷൻ ജീവനക്കാർ ചൊവ്വാഴ്ച വൈകിട്ട് കളക്ടർക്ക് മുന്നിലെത്തി പ്രതിഷേധിച്ചു. അന്വേഷിക്കാമെന്ന് കളക്ടർ ഉറപ്പുകൊടുത്തതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഇതിനിടെ, മേൽവിലാസം മാറിയതിന്റെ പേരിൽ രണ്ട് ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് നേരിട്ടു നൽകുകയായിരുന്നുവെന്ന ജോയിന്റ് കൗൺസിൽ നേതാവിന്റെ വാദം അദ്ദേഹത്തെ തന്നെ കുരുക്കിലാക്കി. മേൽവിലാസം മാറിയെന്ന് ഉദ്യോഗാർത്ഥിയിൽ നിന്ന് എഴുതി വാങ്ങി രക്ഷപെടാനുള്ള നീക്കമാണിതെന്ന് എൻ.ജി.ഒ സംഘും എൻ.ജി.ഒ അസോസിയേഷനും ആരോപിച്ചു. നിയമന ഉത്തരവ് ചട്ടം ലംഘിച്ച് കൈമാറിയത് ഗുരുതര വീഴ്ചയാണെന്ന് അവർ ആരോപിച്ചു. കളക്ടറുടെ അതീവ സുരക്ഷാ വിഭാഗത്തിൽ നിന്ന് നിയമന ഉത്തരവ് ചോർന്ന സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.

നിയമന ഉത്തരവ് നേരിട്ടും കൈമാറാമെന്ന്

ജോയിന്റ് കൗൺസിൽ നേതാവ്

ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖയുമായി നേരിട്ട് വന്നാൽ നിയമന ഉത്തരവ് കൈമാറാൻ ചട്ടമുണ്ടെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി അഖിൽ പറഞ്ഞു. കഴിഞ്ഞ ദിവസം നിയമന ഉത്തരവ് നേരിട്ട് കൈമാറിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'' ചട്ടം ലംഘിച്ച് നിയമന ഉത്തരവ് കൈമാറിയ സംഭവം ഗൗരവമുള്ളതാണ്. കളക്ടറുടെ അതീവ സുരക്ഷാ വിഭാഗത്തിൽ നിന്നാണ് ഉത്തരവ് ചോർന്നത്. വിജിലൻസിന് പരാതി നൽകും.

എസ്. രാജേഷ്, എൻ.ജി.ഒ സംഘ്

സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി.

'' സംഭവത്തിൽ ശക്തമായ നടപടി വേണം.

നാളെ വീണ്ടും ജില്ലാ കളക്ടറെ കാണും.

പി.എസ്.വിനോദ് കുമാർ,

സെറ്റോ ജില്ലാ ചെയർമാൻ.

സംഭവം പുറത്തെത്തിച്ചത് ജോയിന്റ് കൗൺസിലിലെ പടലപ്പിണക്കം