തിരുവല്ല: കോൺകോഡ് കടവ് പാലം നിർമ്മാണത്തിനുള്ള നടപടികൾ തുടങ്ങി. മണിമലയാറിന് കുറുകെ പത്തനംതിട്ട - ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പെരിങ്ങര പഞ്ചായത്തിലെ അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ ജോലികളാണ് ആരംഭിച്ചത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപയാണ് പാലത്തിന് അനുവദിച്ചിട്ടുള്ളത്. അപ്രോച്ച് റോഡിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി മരങ്ങൾ മുറിച്ചുനീക്കി കഴിഞ്ഞ മാർച്ചിൽ അതിരുകൾ സ്ഥാപിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക പ്രത്യാഘാത പഠനം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് എന്ന സ്ഥാപനമാണ് പഠനം നടത്തിയത്. പഠന റിപ്പോർട്ടിന്റെ കരട് www.classtvpm.in എന്ന വെബ് സൈറ്റിലും പഞ്ചായത്ത് ഓഫീസ്, കളക്ട്രേറ്റ് എന്നിവിടങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലയിലെ ആറുപേരുടെ സ്ഥലങ്ങളും ആലപ്പുഴ ജില്ലയിലെ രണ്ടുപേരുടെയും സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്. ഇതിനായുള്ള അതിരുകല്ലുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടുത്തെ സെന്റ് ജോർജ്ജ് ചാപ്പലിന്റെ സ്ഥലം വിട്ടുനൽകാൻ ബന്ധപ്പെട്ടവർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 2007മുതൽ കോൺകോഡ് പാലത്തിന്റെ നിർമ്മാണത്തിനായി ബഡ്ജറ്റിൽ ടോക്കൺ തുക വകയിരുത്തുന്നതാണ്. ഇപ്പോൾ കൂടുതൽ തുക അനുവദിച്ചതോടെയാണ് പാലം നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലായത്. സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയതോടെ പാലം നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ഭൂവുടമകളുമായി 26ന് പൊതുചർച്ച


കോൺകോഡ് കടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണത്തിനായി ഏറ്റെടുക്കാനുള്ള ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികളെ ഉൾപ്പെടുത്തി 26ന് രാവിലെ 10.30ന് ചാത്തങ്കരി സെന്റ് ജോർജ്ജ് ചാപ്പലിൽ പൊതുചർച്ച നടക്കും. പൊതുമരാമത്ത്,റവന്യു അധികൃതർ പങ്കെടുക്കും. പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം നടത്തുന്ന തിരുവനന്തപുരം സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് എന്ന സ്ഥാപനമാണ് ചർച്ച സംഘടിപ്പിക്കുന്നത്. പെരിങ്ങര പഞ്ചായത്ത് മെമ്പർ ഏബ്രഹാം തോമസിന്റെ സാന്നിദ്ധ്യത്തിൽ യോഗം നടക്കും. ഭൂവുടമകൾക്കും മറ്റ് തൽപ്പര കക്ഷികൾക്കും അവരുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും ആശങ്കകളും യോഗത്തിൽ അറിയിക്കാൻ അവസരമുണ്ട്.

...............

പാലത്തിന് അനുവദിച്ചത് 15 കോടി