saramkuthi

ശബരിമല : തീർത്ഥാടനം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും മരക്കൂട്ടം - ശരംകുത്തി പാതയിൽ തീർത്ഥാടകർക്ക് പ്രവേശനമില്ല. അടിസ്ഥാന സൗകര്യമൊരുക്കാൻ കഴിയാത്തതിനെ തുടർന്നാണ് പാത പൂർണമായും തുറന്നുകൊടുക്കാൻ കഴിയാത്തത്. ശരംകുത്തിയിൽ ശരം കുത്തുന്നത് ഉൾപ്പടെയുള്ള ആചാരങ്ങൾ നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ദർശന ശേഷം തീർത്ഥാടകർ മടങ്ങുന്നതിന് ഉപയോഗിച്ചുവരുന്ന ചന്ദ്രാനന്ദൻ റോഡിലൂടെ മുൻകാലങ്ങൾക്ക് വിപരീതമായി ദർശനത്തിന് എത്തുന്നവരെ കൂടി കടത്തി വിട്ടതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ തിരക്കിനിടയിലൂടെ വേണം ഡോളിക്കാരും ട്രാക്ടറുകളും കടന്നുപോകാൻ. ശരംകുത്തി പാതയിൽ പലയിടത്തും കല്ലു പാകുന്ന പണികൾ പൂർത്തിയായിട്ടുമില്ല. അതിനാൽ രാത്രിയിൽ എത്തുന്ന തീർത്ഥാടകരുടെ കാല് ഈ കുഴിയിൽ കുടുങ്ങി അപകടം സംഭവിക്കാനും സാദ്ധ്യതയുണ്ട്. കല്ലുപാളികൾ പൂർണമായും നിരത്താതെ തീർത്ഥാടകരെ കടത്തിവിടാൻ കഴിയില്ല. യാത്രയ്ക്ക് തടസമായി കൂട്ടിയിട്ടിരുന്ന കൽപാളികൾ മരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ സമീപത്തെ കടകളിലെ ജീവനക്കാർ റോഡരികിലേക്ക് മാറ്റിയിരുന്നു. ഈ പാതയിൽ ആവശ്യത്തിന് വഴിവിളക്കുകളും ഇല്ല. ക്യൂ കോംപ്ളക്സുകളും ടോയ്ലെറ്റുകളും ഉപയോഗ യോഗ്യമാക്കിയിട്ടില്ല. കൽപ്പാളികൾക്കിടയിലെ വിടവുകൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്. കുട്ടികളുടെ കാല് കൽപാളിക്കിടയിലെ വിടവുകളിൽ കുടുങ്ങി അപകടം സംഭവിക്കാനുള്ള സാദ്ധ്യതയുണ്ട്. കുടിവെള്ള കൗണ്ടറുകളുടെ കുറവും ഭക്തരെ വലയ്ക്കുന്നു. ഇവിടെ പൊടി ശല്യവും രൂക്ഷമാണ്.

നോക്കുകുത്തിയായി ക്യൂ കോംപ്ലക്സുകൾ

കോടികൾ ചെലവിട്ട് നിർമ്മിച്ച ക്യൂ കോംപ്ലക്സുകൾ തീർത്ഥാടകർക്ക് ഉപകാരപ്പെടുന്നില്ല. മരക്കൂട്ടം മുതൽ ശരം കുത്തിവരെയാണ് ക്യൂ കോംപ്ലക്സുകൾ നിർമ്മിച്ചത്. വലിയ തിരക്കുണ്ടാകുന്ന വേളയിൽ ഉപയോഗിക്കാൻ ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്യൂ കോംപ്ലക്സുകൾ നിർമ്മിച്ചത്. എന്നാൽ ഈ കെട്ടിത്തിന്റെ മുൻവശത്ത് കൂടി ഭക്തരെ കടത്തിവിടുക മാത്രമാണ് ചെയ്യുന്നത്. അശാസ്ത്രീയമായ രൂപകല്പനയായതിനാൽ ഇവ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. ക്യൂ കോംപ്ലക്സുകളിൽ കാര്യമായ അറ്റകുറ്റപ്പണികൾ നടത്താറില്ല. ഇതുമൂലം ഇവയുടെ മേൽക്കൂരയിലെ ഷീറ്റ് പൊട്ടിപൊളിഞ്ഞ നിലയിലാണ്. മഴ വെള്ളം ക്യൂ കോംപ്ലക്സിനുള്ളിലാണ് വീഴുന്നത്. പല ക്യൂ കോംപ്ലക്സുകളും പെയിന്റിംഗ് നടത്താതെ ഭിത്തിയും തറയും വൃത്തിഹീനമായ നിലയിലാണ്. ടോയ്ലറ്റുകളുടെ അറ്റകുറ്റപ്പണി കാര്യമായി നടന്നിട്ടില്ല. വൈദ്യുത വിളക്കുകൾ നാശാവസ്ഥയിലാണ്. രാത്രിയിൽ ടോയ് ലറ്റിൽ കയറുക ബുദ്ധിമുട്ടാണ്.