പന്തളം:നഗരസഭാ കൗൺസിലും കൗൺസിലർമാരും അറിയാതെ ഗോട്ട് സാറ്റ് ലൈറ്റ് യൂണിറ്റ് നടത്താനുള്ള നീക്കത്തിൽ യു.ഡി.എഫ് പ്രതിഷേധിച്ചു. പന്തളം വെറ്ററിനറി ഹോസ്പിറ്റലിന് സർക്കാർ പദ്ധതി വഴി ഗോട്ട് സാറ്റലൈറ്രിന്റെ രണ്ട് യൂണിറ്റ് അനുവദിച്ചിരുന്നു ഈ വിവരം പന്തളം വെറ്ററിനറി ഹോസ്പിറ്റലിൽ നിന്ന് നഗരസഭയെ അറിയിച്ചിരുന്നു. എല്ലാ കൗൺസിലർമാരെയും അറിയിച്ച് കൗൺസിൽ തീരുമാനമെടുത്ത് ഗുണഭോക്തൃ ലിസ്റ്റ് നൽകണമെന്നും പറഞ്ഞിരുന്നു. എന്നാൽ കൗൺസിലിനെയോ കൗൺസിലർമാരെയോ അറിയിക്കാതെ ചെയർപേഴ്‌സണും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണും തങ്ങളുടെ ഇഷ്ടക്കാർക്ക് അഞ്ച് ആടുകളടങ്ങുന്ന യൂണിറ്റ് നൽകിയെന്നാണ് പരാതി. സംഭവത്തിൽ യു.ഡി.എഫ് അംഗങ്ങളായ കെ.ആർ വിജയകുമാർ പന്തളം മഹേഷ്, സുനിതാവേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ പ്രതിഷേധിച്ചു. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി .എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ വിജയകുമാർ വിജലൻസ് ഡയറക്ടർക്ക് പരാതി നൽകി.