
മല്ലപ്പള്ളി: കാളയാണെങ്കിലും കാര്യഗൗരവുമുണ്ട് മാധവന്. പരിചയക്കാരെ കണ്ടാൽ ചിരിക്കും. സ്നേഹം കൂടിയാൽ ഉമ്മ നൽകും, തോളിൽ തലചായ്ക്കം. അപരിചതർ വീട്ടിലെത്തിയാൽ മുക്രയിട്ട് വീട്ടുകാരെ അറിയിക്കും.
കോട്ടാങ്ങൽ പുത്തൂർ വീട്ടിൽ രാധാകൃഷ്ണപണിക്കരുടെ വീട്ടിലെ അഗത്തെപ്പോലെയാണ് മാധവൻ . അടുപ്പക്കാരോട് സ്നേഹം കാട്ടാറുണ്ടെങ്കിലും അപരിചിതരെ അകറ്റിനിറുത്തും. അപരിതരെത്തിയാൽ മുക്രയിട്ട് വീട്ടുകാരെ അറിയിക്കുന്നത് മറ്രൊരു ധ്വനിയിലാണ്. മദ്യത്തിന്റെയും മത്സ്യ മാംസാദികളുടെ ഗന്ധം തീരെ ഇഷ്ടമല്ല. കൊച്ചുകുട്ടികളോടാണ് കുടുതൽ ഇഷ്ടം. താല്പര്യമില്ലാത്തവർ എത്തിയാൽ മുഖം തിരിക്കും
പണിക്കരുടെ സുനന്ദിനി ഇനത്തിൽപ്പെട്ട പശുവിന് 5വർഷം മുമ്പ് ഉണ്ടായതാണ് മാധവൻ . പിന്നീട് പശുക്കളെ വിറ്റെങ്കിലും മാധവനെ വിൽക്കാൻ പണിക്കർക്ക് മനസുവന്നില്ല. ആരെയും ഉപദ്രവിക്കാത്ത മാധവൻ സുന്ദരനുമാണ്. കൊമ്പുകൾ സ്വയം ഉരച്ച് മിനുസപ്പെടുത്തിവയ്ക്കും. നല്ല തലയെടുപ്പ്. കാലിന്റെ കുളമ്പുവരെയുണ്ട് വാലിന്റെ നീളം. കൂർത്ത് സുന്ദരമായ ചെവികളാണ് പ്രധാന ആകർഷണം.
300 കിലോയ്ക്ക് മുകളിൽ തൂക്കമുണ്ട്. കാലുകളിൽ ഭാരം താങ്ങാനാകാഞ്ഞതിനെ തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം തീറ്റയുടെ അളവ് നിയന്ത്രിച്ചിരിക്കുകയാണിപ്പോൾ.വളർത്തുപുല്ലാണ് ഇഷ്ടം. പരുത്തിപ്പിണ്ണാക്കും തവിടും വൈക്കോലും നൽകാറുണ്ട്. കുളിപ്പിച്ചുകഴിഞ്ഞാലുടൻ തൈലം പുരട്ടാറുണ്ട്. ഇത് വൈകിയാൽ മാധവൻ അസ്വസ്ഥനാകും. വീടിനോടു ചേർന്നുള്ള തൊഴുത്തിൽ പണിക്കരുടെയും കുടുംബത്തിന്റെയും സ്നേഹവാത്സ്യല്യങ്ങളേറ്റ് കഴിയുന്ന മാധവന്റെ മനുഷ്യസഹജമായ പെരുമാറ്റങ്ങൾ നാട്ടുകാർക്കും കൗതുകമാണ്.