 
തിരുവല്ല: നടന്നുപോകാൻ പോലും നല്ലൊരു വഴിയില്ലാത്തതിന്റെ ദുരിതത്തിലാണ് കോയിപ്പുറത്ത് നിവാസികൾ. കുറ്റൂർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡിൽ തൈമറവുംകരയിലാണ് പന്ത്രണ്ടോളം കുടുംബങ്ങൾക്ക് വഴിയില്ലാത്തത്. കല്ലൂർകുളം മുതൽ കോയിപ്പുറത്ത് വരെ ഒരു കിലോമീറ്ററോളം ദൂരമുള്ള റോഡിന്റെ പകുതിയോളം ഭാഗത്ത് മാത്രമേ കോൺക്രീറ്റ് ചെയ്തിട്ടുള്ളൂ. ബാക്കിഭാഗം ഇപ്പോഴും കാടുകയറി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. വാഹനങ്ങൾ കടന്നു വരാത്തതിനാൽ അത്യാഹിതങ്ങൾ സംഭവിച്ചാൽ പോലും മുന്നൂറ് മീറ്ററോളം നാട്ടുകാർ തലയിൽ ചുമക്കണം. രോഗികളായവരെ സ്‌ട്രെച്ചറിൽ എടുത്തുകൊണ്ടുപോകുകയാണ് പതിവ്. കാടുപിടിച്ച നടവഴിയിലൂടെ രോഗികളും വൃദ്ധരും കുട്ടികളുമെല്ലാം നടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്. ഇവിടുത്തെ വഴിവിളക്കുകൾ ഒന്നും തന്നെ പ്രകാശിക്കുന്നില്ല. ഇഴജന്തുശല്യവും രൂക്ഷമാണ്. വർഷങ്ങളായി ഈ ദുരിതമെല്ലാം സഹിച്ചുകഴിയുകയാണ് പ്രദേശവാസികൾ.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഫണ്ട് വകയിരുത്തിയെങ്കിലും പലവിധ കാരണങ്ങളാൽ റോഡ് നിർമ്മാണം നടന്നില്ല. റോഡിന്റെ ശോചനീയാവസ്ഥ മാറിമാറിവന്ന അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇവിടുത്തെ കുടുംബങ്ങളുടെ ദുരിതം ഇപ്പോഴും തുടരുകയാണ്.
...........................
വർഷങ്ങളായി ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ ജനപ്രതിനിധികൾ ആരും തയാറായിട്ടില്ല. നിലവിലുള്ള റോഡിന്റെ കുറച്ചുഭാഗം കൂടി കോൺക്രീറ്റ് ചെയ്‌താൽ ഇവിടുത്തെ കുടുംബങ്ങൾക്കും വഴി ഉപയോഗിക്കാനാകും.
രതീഷ്
(പ്രദേശവാസി)
-അത്യാഹിതമുണ്ടായാൽ വാഹനങ്ങൾ സ്ഥലത്തെത്തില്ല
- രോഗികളായവരെ സ്‌ട്രെച്ചറിൽ കൊണ്ടുപോകേണ്ട സ്ഥിതി
- വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല
- ഇഴജന്തുക്കളുടെ ശല്യം രൂക്ഷം