പത്തനംതിട്ട: ഭഗവതി ക്ഷേത്രങ്ങളിലെ അനുഷ്ഠാന കലാരൂപമായ പടേനിയിൽ അൻപതാണ്ടുകൾ പൂർത്തിയാക്കിയ പ്രൊഫ.കടമ്മനിട്ട വാസുദേവൻ പിള്ളയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം 27ന് 3.30ന് ഒാമല്ലൂർ ദർശന ഒാ‌ഡിറ്റോറിയത്തിൽ നടക്കും. കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്യും. വി.കെ.പുരുഷോത്തമൻ പിള്ള അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഒാമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തും. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. കേരള ഫോക് ലോർ അക്കാ‌ഡമി മുൻ ചെയർമാൻ സി.ജെ.കുട്ടപ്പൻ പ്രൊഫ.കടമ്മനിട്ട വാസുദേവൻ പിള്ളയെ ആദരിക്കും.കവിയും തിരക്കഥാകൃത്തുമായ വള്ളിക്കോട് വിക്രമൻ ഡോക്യുമെന്ററി പ്രകാശനം ചെയ്യും. ദേശത്തുടി സാംസ്കാരിക സമന്വയത്തിന്റെ ബാനറിലുള്ള ഡോക്യുമെന്ററിയുടെ സംവിധാനം ജയിൻ അങ്ങാടിക്കലും രാജേഷ് ഒാമല്ലൂരുമാണ്. അനിൽ വള്ളിക്കോടാണ് രചന. പടേനി പാട്ടുകൾക്ക് താളവും ഭാവവും പകരുകയും പഠനം നടത്തുകയും ചെയ്ത കടമ്മനിട്ട വാസുദേവൻ പിള്ള പടേനിയെ ജനകീയമാക്കാൻ നടത്തിയ ശ്രമങ്ങളെ ‌ഡോക്യുമെന്ററിൽ അവതരിപ്പിക്കുന്നുണ്ടെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വി.കെ.പുരുഷോത്തമൻ പിള്ള,​ ദേശത്തുടി പ്രസിഡന്റ് വിനോദ് ഇളകൊള്ളൂർ,​ വൈസ് പ്രസി‌ഡന്റ് അനിൽ വള്ളിക്കോട്,​ ആർ.കലാധരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.