ചെങ്ങന്നൂർ: നഗരസഭയുടെ അധീനതയിലുളള 1.9സെന്റ് വസ്തു വിട്ടു നൽകുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് പാതിവഴിയിൽ നിലച്ച റോഡുപണിയുടെ കുരുക്കഴിയുന്നു.ചെങ്ങന്നൂർ നന്ദാവനം ജംഗ്ഷൻ-എൻജിനീയറിംഗ് കോളേജ് റോഡിന്റെ പണികളാണ് രണ്ടു മാസമായി നിലച്ചിരിക്കുന്നത്. ഇന്നലെ എൻജിനീയറിംഗ് കോളേജിലെ താലൂക്ക് തല അദാലത്തിനെത്തിയ കളക്ടറെയും കൂട്ടി സജി ചെറിയാൻ എം.എൽ.എ നേരിട്ട് റോഡ് സന്ദർശിച്ചു പ്രശ്‌നങ്ങൾ ചർച്ചചെയ്തു. കളക്ടർ നടത്തിയ പരിശോധനയിൽ സ്ഥലം റവന്യു പുറമ്പോക്കാണെന്ന് കണ്ടെത്തി. ചെങ്ങന്നൂർ നഗരസഭ കൗൺസിൽ കൂടി സ്ഥലം വിട്ടുതരാൻ സമ്മതമാണെന്ന കത്ത് നൽകിയാൽ എൻ.ഒ.സി നൽകി സ്ഥലമേറ്റെടുപ്പിലെ പ്രശ്‌നം പരിഹരിച്ചു നൽകാമെന്ന് കളക്ടർ എം.എൽ.എയ്ക്ക് ഉറപ്പു കൊടുത്തു. ഇതോടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന്് ഉറപ്പായി. റോഡുനിർമ്മാണം നിലച്ചത് സംബന്ധിച്ച് ഒക്ടോബർ 7ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല നഗരസഭയുടെ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫും, റോഡുപണി മുടങ്ങിയതിനു പിന്നിൽ ഇടതു-വലതു മുന്നണികളുടെ രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിയും സമരം നടത്തിയിരുന്നു. ഇതേ തുടർന്നാണ് കളക്ടർ സ്ഥലത്തെത്തി എം.എൽ.എ മുൻകൈ എടുത്ത് ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തിയത്. നഗരസഭയുടെ ഉടമസ്ഥതയിൽ അഗ്‌നിരക്ഷാനിലയം പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് റോഡുനവീകരണത്തിനായി ഏറ്റെടുക്കേണ്ടിയിരുന്നത്. കെട്ടിടമിരിക്കുന്ന ഭാഗത്തെ 1.9 സെന്റ് സ്ഥലം നഗരസഭ വിട്ടുനൽകാതായതോടെയാണ് സ്ഥലമേറ്റെടുപ്പിൽ കുരുങ്ങി നവീകരണം മുടങ്ങിയത്. നിലവിൽ അഗ്‌നിരക്ഷാ നിലയം എൻജിനീയറിംഗ് കോളേജിനോടു ചേർന്നുള്ള പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

പദ്ധതി ഇങ്ങനെ

റോഡ് നവീകരണത്തിനായി 55 ലക്ഷം രൂപയാണ് സജി ചെറിയാൻ എം.എൽ.എ അനുവദിച്ചത്. 155 മീറ്റർ ദൂരത്തിൽ, എട്ടുമീറ്റർ വീതിയിലാണ് നവീകരണം നടത്തുന്നത്. ചെങ്ങന്നൂർ അഗ്‌നിരക്ഷാസേനയ്ക്കു പുറമേ ജില്ലാ ആശുപത്രി, ട്രാഫിക്, പൊലീസ് സ്റ്റേഷനുകൾ, മിനി സിവിൽ സ്റ്റേഷൻ, കോളേജ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. പ്രദേശത്തെ സ്വകാര്യ വ്യക്തികൾ ചേർന്ന് ഏതാണ്ട് രണ്ടരക്കോടി രൂപയുടെ ഒൻപതുസെന്റ് സ്ഥലമാണ് റോഡിനായി സൗജന്യമായി നൽകിയത്. സ്ഥലമേറ്റെടുപ്പ്, പൈപ്പിടൽ, വൈദ്യുതിപോസ്റ്റുകൾ മാറ്റിസ്ഥാപിക്കൽ എല്ലാത്തിനുമായി 27 ലക്ഷം നിലവിൽ ചെലവഴിച്ചിട്ടുണ്ട്.

....................

-റോഡ് നവീകരണത്തിന് 55 ലക്ഷം അനുവദിച്ചു

-155 മീറ്റർ ദൂരം

-8 മീറ്റർ വീതി