ചെങ്ങന്നൂർ: മകളുടെ നഴ്‌സിംഗ് പഠനത്തിന് ബാങ്കുകൾ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നില്ലെന്ന അമ്മയുടെ പരാതിയിൽ നടപടിയെടുത്ത് കളക്ടർ. പാണ്ടനാട് വടക്ക് ആഷ്‌ലി ഭവനിൽ തങ്കമണിക്കും മകൾക്കും അനുകൂല നടപടി ലഭിച്ചത്. തങ്കമണിയുടെ മകൾക്ക് ബെംഗളൂരുവിലെ നഴ്‌സിംഗ്് കോളേജിലാണ് ബി.എസ്.സിക്ക് പ്രവേശനം ലഭിച്ചത്. പഠന ആവശ്യങ്ങൾക്കായി വിദ്യാഭ്യാസ വായ്പയ്ക്ക് വിവിധ ബാങ്കുകളെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു. ചില ബാങ്കുകൾ അപേക്ഷ സ്വീകരിക്കാൻ പോലും തയാറായില്ലെന്നായിരുന്നു പരാതി. രണ്ടാഴ്ചയ്ക്കകം പരാതിക്കാരിക്ക് മറുപടി നൽകാനും വേണ്ട നടപടികൾ സ്വീകരിക്കാനും കല്ലിശ്ശേരിയിലെ സെൻട്രൽ ബാങ്കിന് കളക്ടർ നിർദ്ദേശം നൽകി. താലൂക്കിലെ റേഷൻ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ. ശശിധരൻ നായർ, സെക്രട്ടറി ഡി.രാധാകൃഷ്ണപിള്ള എന്നിവർ ചേർന്നാണ് പരാതി നൽകിയത്.