നാരങ്ങാനം: പന്നികൾ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിക്കുന്നത് വ്യാപകമായതോടെ സഹികെട്ടകർഷകർ വീണ്ടും സമരവുമായി രംഗത്ത്. നാരങ്ങാനം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സീനിയർ സിറ്റിസൺസിന്റെ നേതൃത്വത്തിലാണ് കർഷകർ ബഹുജന ധർണ നടത്തിയത്.നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തിപ്പെടുത്തുമെന്ന് സമരസമിതി അറിയിച്ചു.ഇടയ്ക്ക് ഒന്ന് ശമില്ലെങ്കിലും പന്നിശല്യം നാരങ്ങാനത്ത് ഇപ്പോൾ വ്യാപകമായിരിക്കുകയാണ്.വാഴ, ചേമ്പ്, കാച്ചിൽ, കിഴങ്ങ് കൂടാതെ തെങ്ങിൻ തൈകളും നശിപ്പിക്കുന്നത് പതിവായിരിക്കുന്നു. നിരവധി തവണ കർഷകർ പരാതി നൽകിയെങ്കിലും പഞ്ചായത്തധികൃതർ യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് ധർണ ഉദ്ഘാടനം ചെയ്ത ജനകീയ കർഷക സമിതി ജില്ലാ സെക്രട്ടറി രാജു കടമ്മനിട്ട പറഞ്ഞു. സമരസമിതി നേതാക്കളായ വി.ആർ. ത്രിവിക്രമൻ, ബാലഗോപാലൻ നായർ ,ടി.വി.ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു.