ചെങ്ങന്നൂർ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് അഞ്ചര പവന്റെ ആഭരണങ്ങളും 85000 രൂപയും കവർന്നു. ചെങ്ങന്നൂർ ഇടനാട് മുണ്ടോലിൽ വിജയഭവനത്തിൽ വിജയലക്ഷ്മിയുടെ (72) വീട്ടിലാണ് കവർച്ച നടന്നത്. വിജയലക്ഷ്മി ക്ഷേത്ര ദർശനത്തിന് പോയ സമയത്താണ് മോഷണം.കഴിഞ്ഞ ദിവസം രാവിലെ 7.45 ന് ഓട്ടോയിലാണ് വിജയ ലക്ഷ്മിയും സഹായിയും നൂറനാട് ചേലേ വടക്കേതിൽ ദേവീക്ഷേത്രത്തിലേക്ക് പോയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അടുക്കളവാതിൽ പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ കിടപ്പുമുറിയോട് ചേർന്ന് വച്ചിരുന്ന അലമാര തുറന്ന് മാല, വള, കമ്മൽ അടക്കം അഞ്ചര പവന്റെ സ്വർണാഭരണങ്ങളും, 85000 ത്തിലധികം രൂപയുമാണ് കവർന്നത്. അലമാരയിലുണ്ടായിരുന്ന ഒരു രുദ്രാക്ഷമാലയും കവർന്നു താക്കോൽ അലമാരിയിൽ തന്നെയുണ്ടായിരുന്നു. ഗേറ്റും പൂട്ടിയാണ് ഇവർ പുറത്ത് പോയിരുന്നത്. മോഷ്ടാവ് ചുറ്റുമതിൽ ചാടിക്കടന്നാണ് വീടിനുള്ളിൽ പ്രവേശിച്ചതെന്നാണ് നിഗമനം. വിജയലക്ഷ്മിയുടെ ഭർത്താവ് പരമേശ്വരൻ പിള്ള വർഷങ്ങൾക്ക് മുൻപ് മരിച്ചതാണ്. മൂന്നു പെൺമക്കളെ വിവാഹം ചെയ്തയച്ചു.അവർ കുടുംബമായി കേരളത്തിന് പുറത്താണ് താമസം. ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.