
മല്ലപ്പള്ളി : തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം നാളെ അവസാനിക്കും. ഭക്തിയും സംസ്കാരവും ചരിത്രവും സമ്മേളിക്കുന്ന മദ്ധ്യ തിരുവിതാംകൂറിലെ 10 ദിവസത്തെ വ്യാപാര വാണിജ്യമേളയ്ക്കാണ് ഇതോടെ തിരശീല വീഴുന്നത്. എനിയും തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവ കാലമൊരുക്കി പടയണിയുടെ നാളുകൾ. മതസൗഹാർദ്ദത്തിന്റെ പ്രതീകമായ തെള്ളിയൂർക്കാവ് വൃശ്ചികവാണിഭമേളയ്ക്ക് വൻ തിരക്കാണ് അവസാന ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. വീട്ടിലേക്ക് വേണ്ട എല്ലാ വസ്തുക്കളും ഇവിടെ ലഭിക്കും എന്നുള്ളതാണ് വാണിഭ മേഖലയെ വ്യത്യസ്തമാക്കുന്നത്. അലങ്കാര വസ്തുക്കൾ,ഗൃഹോപകരണങ്ങൾ, കാർഷികായുധങ്ങൾ, അപൂർവയിനം ചെടികൾ, മൺ പാത്രങ്ങൾ,വിവിധയിനം മധുര പലഹാരങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, സൗന്ദര്യ വർദ്ധിത ഉൽപ്പന്നങ്ങൾ,കരിങ്കൽ നിർമ്മിത ഗൃഹോപകരണങ്ങൾ , സ്രാവ് അടക്കമുള്ള ഉണക്കമീനുകൾ ഇങ്ങനെ എല്ലാംഒരു കുടക്കീഴിൽ ലഭിക്കുന്ന വ്യാപാരമേളയാണ് തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭ മേള . തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായ പാട്ടമ്പലത്തിൽ 41 ദിവസത്തെ കളമെഴുത്തു പാട്ടിനും വാണിഭ ആരംഭദിവസം തന്നെ തുടക്കം കുറിച്ചിരുന്നു.കളമഴുത്തിന്റെ സമാപനം ആയിട്ടാണ് ഒരാഴ്ചത്തെ തള്ളിയൂർ പടയണി നടക്കുന്നത്.സമീപ ജില്ലകളിൽ നിന്നുപോലും വാണിഭ മേളയ്ക്കും, പടയണിക്കും ജനസമുദ്രമാണ് ഇവിടെ എത്താറുള്ളത്.