forest-

റാന്നി: അങ്ങാടി ഈട്ടിച്ചുവട് ഏഴോലിയിൽ അജ്ഞാത ജീവി ആടുകളെ കൂട്ടത്തോടെ കടിച്ചുകൊന്നു. വലിയകാലായിൽ മാത്യൂസ് ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ഒമ്പത് ആടുകളെയാണ് വ്യാഴാഴ്ച രാത്രി അജ്ഞാത ജീവികൾ കടിച്ചു കൊന്നത്. റബർ തോട്ടത്തിന് നടുക്കുള്ള ആൾ താമസമില്ലാത്ത വീടിന്റെ സമീപത്തെ കൂട്ടിൽ വളർത്തിയിരുന്ന പത്തോളം ആടുകളാണ് ആക്രമണത്തിൽപ്പെട്ടത്.

വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കുറുക്കൻ പോലുള്ള ജീവിയുടെ കൂട്ടത്തോടെയുള്ള ആക്രമണമാകാമെന്നാണ് സംശയിക്കുന്നതെന്ന് റാന്നി വനം റേഞ്ച് ഓഫീസർ പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്തെ കർഷകർ കടുത്ത ആശങ്കയിലാണ്. ഏഴോലിയോടു ചേർന്നു കിടക്കുന്ന വലിയകാവ് സംരക്ഷിത വനത്തിൽ നിന്നുമാകാം ജീവികൾ എത്തിയതെന്നും മുമ്പിവിടെ കുറുക്കന്റെ സാന്നിദ്ധ്യം ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ പരിശോധന നടത്തുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. ആടുകളുടെ ജഡം വെറ്റിറിനറി ഡോക്ടറുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തി മറവു ചെയ്തു.