തിരുവല്ല: എം.ജി. സോമൻ സ്മരണാഞ്ജലിയോടനുബന്ധിച്ച് എം.ജി.എസ്.ഫൗണ്ടേഷൻ നടത്തുന്ന ദ്വിദിന നാടകക്കളരിക്ക് തുടക്കമായി. തിരുവല്ല മാർത്തോമ്മ കോളേജിൽ ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് കളരിയുടെ ഉദ്ഘാടനം നിർവഹിച്ചു. മലയാള സിനിമയുടെ മുഖഛായ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച നടനായിരുന്നു എം.ജി. സോമനെന്ന് അദ്ദേഹം പറഞ്ഞു. കലയെ ജീവിത യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരുന്നതിൽ കേരളത്തിൽ കാവാലം നാരായണപ്പണിക്കരും ജി.ശങ്കരപ്പിള്ളയും ശ്രീകണ്ഠൻ നായരുമടക്കമുള്ള മുൻഗാമികളുടെ സംഭാവനകൾ അവിസ്മരണീയമെന്നും ശ്യാമപ്രസാദ് പറഞ്ഞു. മാർത്തോമ്മ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു അദ്ധ്യക്ഷനായിരുന്നു. ചലച്ചിത്ര നടന്മാരായ കൃഷ്ണപ്രസാദ്, മോഹൻ അയിരൂർ, ഭാരവാഹികളായ ജോർജ് മാത്യു, എം.സലിം, സാജൻ വർഗീസ്, സജീവൻ നമ്പിയത്ത്, പ്രൊഫ. മാത്യു ശങ്കർ, പ്രൊഫ.സി.എ.വർഗീസ് എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകീട്ട് നാലിന് ക്യാമ്പ് സമാപിക്കും. ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.