
ശബരിമല : ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്ക് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കൽ, ളാഹ, എരുമേലി എന്നിവിടങ്ങളിലായി നാല് സ്പെഷ്യൽ സ്ക്വാഡുകളാണുള്ളത്. ഭക്ഷ്യ വസ്തുക്കളുടെ പ്രാഥമിക ഗുണനിലവാരം മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിൽ പരിശോധിക്കും. കൂടുതൽ പരിശോധനകൾ ആവശ്യമെങ്കിൽ പത്തനംതിട്ട ഫുഡ് ടെസ്റ്റിംഗ് ലാബിലും തിരുവനന്തപുരം സർക്കാർ അനലിറ്റിക് ലാബിലും സാമ്പിളുകൾ അയയ്ക്കും. അപ്പം, അരവണ എന്നിവയുടെ ഗുണനിലവാരം സന്നിധാനത്ത് തന്നെ പ്രവർത്തിക്കുന്ന ഫുഡ് ടെസ്റ്റിംഗ് ലാബിലാണ് പരിശോധിക്കുന്നത്. പ്രസാദാവശ്യത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം പമ്പയിൽ പ്രവർത്തിക്കുന്ന ലാബിൽ പരിശോധിക്കും. അപ്പം,അരവണ പ്ലാന്റുകൾ, അന്നദാനമണ്ഡപം, ഓഫീസ് മെസ്, എന്നിവടങ്ങളിലെല്ലാം സ്‌ക്വാഡ് കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നുണ്ട്.