 
പന്തളം: കോൺക്രീറ്റ് ഇളകിമാറി കമ്പികൾ ദ്രവിച്ചതു മൂലം പന്തളം- മാവേലിക്കര റോഡിലെ മുട്ടാർ പാലം അപകടാവസ്ഥയിൽ .
സംസ്ഥാന പാത 7ൽ മുട്ടാർ ജംഗ്ഷനു സമീപം മുട്ടാർ നീർച്ചാലിനു കുറുകെയുള്ള പ്രധാന പാലമാണിത്. 40 മീറ്ററോളം നീളമുള്ള പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റാണ് അടർന്നുവീണുകൊണ്ടിരിക്കുന്നത്. ഒരു ഭാഗത്തെ കമ്പികൾ ദ്രവിച്ച് ഒടിഞ്ഞുതൂങ്ങിക്കിടക്കുകയാണ്.കൈവരികളിലെ ഇരുമ്പുപൈപ്പുകളും നശിച്ചു. ചിലത് വളഞ്ഞ് റോഡിലേക്ക് നിൽക്കുന്നതും അപകടത്തിന് കാരണമാകും. . ആലപ്പുഴ- പത്തനംതിട്ട റോഡായതിനാൽ സെക്കൻഡുകൾ ഇടവിട്ടാണ് പാലത്തിൽക്കൂടി വാഹനങ്ങൾ കടന്നുപോകുന്നത്. തോട്ടക്കോണം ഹയർസെക്കൻഡറി സ്‌കൂൾ, അയുർവേദ മെഡിക്കൽ കോളേജ്, പോളിടെക്‌നിക്, ബി.എഡ്, ആർട്‌സ് കോളേജുകൾ , സ്‌കൂളുകൾ ആശുപത്രികൾ, എന്നിവ ഇൗ ഭാഗത്തുണ്ട്. പത്തനംതിട്ട, മാവേലിക്കര, ഹരിപ്പാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പാതയാണിത്.
35 വർഷം മുമ്പ് ഇവിടെയുണ്ടായിരുന്ന തടിപ്പാലം മാറ്റിയാണ് കോൺക്രീറ്റ് പാലം പണിതത്. കാലാകാലങ്ങളിൽ റോഡ് ടാറിംഗ് നടത്തുമ്പോൾ പാലത്തിനു മുകൾഭാഗത്ത് ടാറിംഗ് നടത്തും. അടിഭാഗം സംരക്ഷിക്കാറില്ല. 114 കോടി രൂ പ ചെലവിൽ കെ.എസ്.ടി.പി ഈ റോഡിന്റെ പുനരുദ്ധാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. പാലത്തിന്റെ പുനരുദ്ധാരണവും ഇതിൽ ഉൾപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.