തിരുവല്ല: എം.സി. റോഡിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് യുവതിക്ക് പരിക്കേറ്റു. പന്തളം സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. തുകലശേരി ആഞ്ഞിലിമൂട് ജംഗ്ഷന് സമീപത്തെ കൊടും വളവിൽ ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടിനാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാർ എതിരെ വന്ന ഓട്ടോ കാബിലും കാറിലും കൂട്ടിയിടിക്കുകയായിരുന്നു. ഈ വാഹനങ്ങൾ നിയന്ത്രണംവിട്ട് പാർക്ക് റോഡരുകിൽ പാർക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. പന്തളത്ത് നിന്നും തിരുവല്ലയിലേക്ക് പോയ ഓട്ടോ കാബ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഇതിൽ സഞ്ചരിച്ച യുവതിക്കാണ് പരിക്കേറ്റത്. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഈമാസം ആദ്യം വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ ഇവിടെ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചിരുന്നു. എം.സി.റോഡ് നവീകരിച്ചശേഷം കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി അപകടങ്ങളാണ് ഇവിടുത്തെ കൊടും വളവിൽ ഉണ്ടായിട്ടുള്ളത്.