
ചെങ്ങന്നൂർ: സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും ഏവർക്കും മാതൃകയായ പ്രവർത്തനങ്ങളാണ് എസ്.എൻ.ഡി.പി. യോഗത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നതെന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1826ാം നമ്പർ പെണ്ണുക്കര ശാഖയിൽ നടക്കുന്ന ഒന്നാമത് പെണ്ണുക്കര ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആധുനിക ലോകത്ത് ശാശ്വത സമാധാനത്തിന് ഏക ആശ്രയം ശ്രീനാരായണ ഗുരദേവദർശനങ്ങൾ മാത്രമാണെന്ന് മന്ത്രി പറഞ്ഞു. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. യൂണിയന്റെ കൺവെൻഷൻ ഗ്രാന്റ് വിതരണവും മുഖ്യപ്രഭാഷണവും യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം നിർവഹിച്ചു. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.മുരളീധരൻപിള്ള, ഗ്രാമപഞ്ചായത്തംഗം ശരണ്യ പി.എസ്., യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ കെ.ആർ.മോഹനൻ, എസ്. ദേവരാജൻ, ജയപ്രകാശ് തൊട്ടാവാടി, വനിതാസംഘം ശാഖാ പ്രസിഡന്റ് ശ്രീലേഖ, യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് സെക്രട്ടറി അരുൺകുമാർ, മുൻ യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.പി.എൻ. വേണുഗോപാൽ, എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് കെ.കെ.രാജു സ്വാഗതവും സെക്രട്ടറി ഡി.അജയൻ നന്ദിയും പറഞ്ഞു. ശ്രീനാരായണ ധർമ്മവും കുടുംബ ഭദ്രതയും എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തി. രാവിലെ ഗുരുക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, അന്നദാനം എന്നീ ചടങ്ങുകൾ നടന്നു. ഇന്ന് രാവിലെ11ന് ലഹരി വിരുദ്ധ അവബോധന ക്ലാസ് ചെങ്ങന്നൂർ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ വി.അരുൺകുമാർ നയിക്കും. വൈകിട്ട് 7ന് ശ്രീനാരായണ ഗുരുദേവൻ വിശ്വമാനവികതയുടെ പ്രയോക്താവ് എന്ന വിഷയത്തിൽ ഇടമൺ ജി. മോഹൻദാസ് പ്രഭാഷണം നടത്തും. സമാപനദിനമായ നാളെ രാവിലെ 10ന് ഗുരുദേവകൃതി പിണ്ഡ നന്ദി എന്ന വിഷയത്തിൽ ആശാ പ്രദീപും വൈകിട്ട് 4.ന് ഗുരുവിന്റെ ഈശ്വരീയത എന്ന വിഷയത്തിൽ സജീഷ് കോട്ടയവും പ്രഭാഷണം നടത്തും. ഇന്ന് രാവിലെ ഗുരുക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമവും ശാരദാപൂജയും ഞായറാഴ്ച രാവിലെ വിശ്വശാന്തി ഹവനവും നടക്കും. കൺവെൻഷനോട് അനുബന്ധിച്ച് എല്ലാ ദിവസവും അന്നദാനവും ഗ്രൂപ്പ് ഡാൻസ്, സംഗീതാർച്ചന, നൃത്തസന്ധ്യ, തിരുവാതിര എന്നിവയും നടക്കും.