peppatti
ചത്ത നിലയിൽ കണ്ടെത്തിയ പേപ്പട്ടി

കോന്നി: മലയാലപ്പുഴ പൊതീപാട്ട് പേപ്പട്ടി ആക്രമണത്തിൽ നാല് പേർക്ക് പരുക്ക്. ഇന്നലെ രാവിലെ മലയാലപ്പുഴ കോഴികുന്നം മൂർത്തിക്കാവ് ഭാഗത്തു നിന്ന് വന്ന പേപ്പട്ടി ഇന്നലെ ഉച്ച കഴിഞ്ഞു പൊതീപ്പാട് വെള്ളറ മേഖലയിൽ നാല് പേരെ കടിച്ചു. വെള്ളറ രവി, കുറിഞ്ഞിപ്പുഴ കിഴക്കേതിൽ,സരസമ്മ താന്നിനിൽക്കുന്നതിൽ, പത്മാവതി കുറിഞ്ഞിപ്പുഴ മോഹിനി, വെള്ളറ തെക്കേക്കര അനു എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ഇവർ നാല് പേരുടെയും തലയ്ക്കാണ് കടിയേറ്റത്. വീട്ടിൽ ഉറങ്ങി കിടക്കുമ്പോഴാണ് രവിക്ക് കടിയേറ്റത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനചരിക്കൽ, പൊതീപാട്, വെള്ളറ പ്രദേശങ്ങളിലെ നിരവധി വളർത്തു നായ്ക്കൾക്കും കന്നുകാലികൾക്കും പുച്ചകൾക്കും പേപ്പട്ടിയുടെ കടിയേറ്റു. വൈകിട്ടോടെ പേപ്പട്ടിയെ പൊതീപാട് എസ്.എൻ.ഡി.പി.യു.പി സ്കൂളിന് സമീപം ചത്ത നിലയിൽ കണ്ടെത്തി.