പത്തനംതിട്ട : റവന്യു ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ഇത്തവണ തബലയുടെ നാദം മുഴുങ്ങുമ്പോൾ അടൂർ വിജയരാജന് അഭിമാനിക്കാം. അദ്ദേഹത്തിന്റെ മൂന്ന് ശിഷ്യൻമാർ മത്സരവേദിയെ സമൃദ്ധമാക്കും. വിജയരാജൻ തബല പഠിപ്പിച്ച വിദ്യാർത്ഥികളാണ് കോന്നി, അടൂർ, പന്തളം ഉപജില്ലകളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയത്. മൂവരും ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അടൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ദേവനാരായൺ, തട്ട എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി സൗരവ്, കൈപ്പട്ടൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ആദിത്യൻ എന്നിവരാണ് വിജയരാജന്റെ അഭിമാനമാകുന്നത്.
അഞ്ചുപതിറ്റാണ്ടായി തബല ഹൃദയ താളമാക്കിയ വ്യക്തിയാണ് അടൂർ വിജയരാജൻ. 2015 ൽ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം ലഭിച്ചു. എട്ട് വയസുമുതൽ തബല പഠിച്ച് തുടങ്ങിയ വിജയരാജൻ എഴുപതാം വയസിലും തബലയോടൊപ്പമുള്ള യാത്രയിലാണ്.
ഫയർ ഫോഴ്സിൽ 23 വർഷത്തെ സേവനത്തിന് ശേഷം 2007 ൽ വിരമിച്ചു. പിന്നീട് മുഴുവൻസമയ തബല പഠനവും അദ്ധ്യാപകനുമായി മാറി. വിരമിച്ചശേഷം അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ ആറ് വർഷം പഠിപ്പിച്ചു. ഇപ്പോൾ വിവിധ കലാസ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നു. ഭാര്യ : വിജയമ്മ. മക്കൾ : അനീഷ, അഞ്ജു. അഞ്ജു സംസ്ഥാന കലോത്സവത്തിൽ തബല വാദ്യത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.