കോന്നി : കോന്നി - അച്ചൻകോവിൽ റോഡിന്റെ വീതികൂട്ടുന്നതിന്റെ ഭാഗമായി വനംവകുപ്പിന്റെ അനുമതി വാങ്ങുന്നതിനുള്ള ജി.പി.എസ് സർവേ കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കല്ലേലി മുതൽ അച്ചൻകോവിൽ വരെ വനത്തിൽ കൂടി കടന്നുപോകുന്ന ഭാഗത്ത് മൂന്നര മീറ്റർ വീതിയിലാണ് ടാറിംഗ് ഉള്ളത്. റോഡ് 10 മീറ്റർ വീതിയിലാണ് ബി.എം ബി.സി സാങ്കേതികവിദ്യയിൽ വികസിപ്പിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതല. ഇതിനായി വനഭൂമി ഏറ്റെടുക്കുന്നതിന്റെ ജി.പി.എസ്, ടോട്ടൽ സ്റ്റേഷൻ സർവേയാണ് നടക്കുന്നത്. 10 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുമ്പോൾ വനത്തിൽ നിന്ന് എത്ര ഭൂമി വേണം എന്നത് തിട്ടപ്പെടുത്തുന്നതിനാണ് സർവ്വേ നടത്തുന്നത്. ഇവിടെ നഷ്ടപ്പെടുന്ന വനഭൂമിക്ക് പകരം ഭൂമി നൽകി വനവൽക്കരണം നടത്തും. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്സ് (സി.എം.ഡി ) ആണ് സർവ്വേ ചെയ്യുന്നത്. ഒരാഴ്ച കൊണ്ട് സർവേ നടപടികൾ പൂർത്തീകരിക്കും. കോന്നിയിലെ പ്രധാനപ്പെട്ട ശബരിമല തീർത്ഥാടക പാതയാണിത്. റോഡിലെ കൂട്ടുമുക്കു മുതൽ കല്ലേലി വരെ 15.88 കിലോമീറ്റർ റോഡിന്റെ തുടക്കത്തിലുള്ള പോയിന്റും അവസാനപോയിന്റും ജി.പി.എസ് എസ്റ്റാബ്ലിഷ് ചെയ്തു. ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ച് 30 മീറ്റർ ഇടവിട്ട് റോഡിന്റെ സെൻട്രൽ ലൈനും ഇരുവശവും അടയാളം ചെയ്ത് കുറ്റിയടിക്കുന്ന പ്രവർത്തികൾ നടന്നുവരികയാണ്. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, പഞ്ചായത്ത് അംഗങ്ങളായ വി.കെ.രഘു, ജോജു വർഗീസ്, സിന്ധു സന്തോഷ് , കെ.ആർ.എഫ്.ബി അസി. എൻജിനീയർ ഫിലിപ്പ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എൻജിനീയർ രൂപക്ക് ജോൺ തുടങ്ങിയവർ പങ്കെടുത്തു.