മല്ലപ്പള്ളി : കാവനാൽകടവ് -നൂറോമ്മാവ് റോഡിലൂടെ യാത്ര ചെയ്താൽ ചെളിയിൽ കുളിക്കും. ചെളി നിറഞ്ഞ റോഡ് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിലേക്ക് ശുദ്ധജല വിതരണ പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കുവാനായി കുഴി എടുത്തതാണ് റോഡ് തകർച്ചയ്ക്ക് കാരണമായത്. മഴ നിലച്ചിട്ടും ജലവിതരണ പൈപ്പുകളിലെ ചോർച്ചയാണ് ദുരിത യാത്രയ്ക്ക് കാരണമാകുന്നത്. റോഡ് പൂർണമായി തകർന്നതോടെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവാണ്. ദേഹത്ത് ചെളിവീണ് കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. സാഹസിക യാത്ര ചെയ്താൽ മാത്രമേ ഈ റോഡിലൂടെ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ.
കുടിവെള്ള പൈപ്പു പൊട്ടൽ ദുരിതമാകുന്നു
പൈപ്പ് ലൈനിലെ നിർമ്മാണം മുക്കാൽ പങ്കും പൂർത്തിയായെങ്കിലും ഇടയ്ക്കിടെയുള്ള പൈപ്പ് പൊട്ടലാണ് നാട്ടുകാർക്ക് ദുരിത സഞ്ചാരം സമ്മാനിക്കുന്നത് .പൈപ്പുപൊട്ടലിന് അടിയന്തര പരിഹാരം കാണണമെന്നും,റോഡ് സഞ്ചാരയോഗവുമായി വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.