veena

പത്തനംതിട്ട : ജനറൽ ആശുപത്രിയുടെ രണ്ട് കെട്ടിങ്ങളുടെ നിർമ്മാണത്തിന് 45.91 കോടി രൂപയുടെ അനുമതി ലഭ്യമായതായി മന്ത്രി വീണാജോർജ്. പുതിയ ഒ.പി ബ്ലോക്ക് നിർമ്മാണത്തിനായി 22.16 കോടി രൂപയും ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമ്മാണത്തിനായി 23.75 കോടി രൂപയുമാണ് അനുവദിച്ചത്. നബാർഡ് പദ്ധതി വഴിയാണ് ഒ.പി ബ്ലോക്ക് നിർമ്മിക്കുന്നത്. ഈ പദ്ധതിയുടെ ടെൻഡറിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഒരു മാസത്തിനകം നിർമ്മാണം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ സ്‌പെഷ്യാലിറ്റി ഒ.പികൾ, ഫാർമസി, ലാബ് സൗകര്യം, വെയിറ്റിംഗ് ഏരിയ, രജിസ്‌ട്രേഷൻ എന്നീ സംവിധാനങ്ങളാണ് അത്യാധുനിക ഒ.പി ബ്ലോക്കിൽ സജ്ജമാക്കുന്നത്. ക്രിറ്റിക്കൽ കെയർ ബ്ലോക്കിൽ ട്രയേജ് സംവിധാനങ്ങളോട് കൂടിയ ആധുനിക അത്യാഹിത വിഭാഗം, ഐ.സി.യു, എച്ച്.ഡി.യു, ഐസോലേഷൻ വാർഡുകൾ, ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷൻ തീയറ്ററുകൾ എന്നീ സൗകര്യങ്ങളുണ്ടാകും.