നാരങ്ങാനം: സ്ത്രീകൾ മാത്രമുള്ള കടകളിലെത്തി തട്ടിപ്പ് നടത്തുന്നത് നാരങ്ങാനത്ത് പതിവാകുന്നു. ചെറിയ കടകളിൽ മാന്യമായ വേഷത്തിൽ ബൈക്കിലെത്തി ആയിരത്തിനും രണ്ടായിരത്തിനും സാധനങ്ങൾ വാങ്ങിവയ്ക്കും. , പെട്ടെന്ന് ഫോൺ വരുന്നതായി ഭാവിച്ച് വെളിയിലിറങ്ങി മടങ്ങി വന്ന് രണ്ടായിരം രൂപ ചോദിക്കും. ഒന്നിച്ച് ഗൂഗിൾ പേ ചെയ്തു തരാമെന്ന് പറഞ്ഞ് വാങ്ങി പുറത്തേക്ക് കടക്കുകയാണ് രീതി. സാധനങ്ങൾ പായ്ക്ക് ചെയ്ത് കാത്തിരിക്കുന്ന കടക്കാർ കബളിപ്പിക്കൽ അറിയുമ്പോഴേക്കും ആള് സ്ഥലം വിട്ടിരിക്കും. നാരങ്ങാനം വട്ടക്കാവ് ജംഗ്ഷനിലെ ഡാൻ ഗാർമെന്റ് സ് എന്ന സ്ഥാപനത്തിൽ ഇന്നലെ ഈ രീതിയിൽ തട്ടിപ്പ് നടന്നു.കടയുടമ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി പരിശോധിച്ചതിൽ ബൈക്കിന്റെ നമ്പർ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നിരന്നകാലാ, കടമ്മനിട്ട, കല്ലേലി തുടങ്ങിയ സ്ഥലങ്ങളിലും സമാന രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ട്.