
ശബരിമല : മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നടതുറന്ന് ആദ്യ പത്ത് ദിനം പിന്നിട്ട ഇന്നലെയാണ് സന്നിധാനത്ത് ഏറ്റവും അധികം തീർത്ഥാടക തിരക്ക് അനുഭവപ്പെട്ടത്. മുക്കാൽ ലക്ഷത്തോളം തീർത്ഥാടകരാണ് ഇന്നലെ ശബരീശ്വര ദർശനം നടത്തിയത്. പുലർച്ചെയും വൈകിട്ടും നട തുറന്നപ്പോൾ തീർത്ഥാടകരുടെ നീണ്ട നിര വലിയ നടപ്പന്തലും പിന്നിട്ട് മരക്കൂട്ടത്തിലേക്കും ശരംകുത്തിയിലേക്കും നീണ്ടിരുന്നു.
തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ ഉദയാസ്തമന പൂജയും പടിപൂജയും ഒഴിവാക്കിയിട്ടുണ്ട്. പടിപൂജ വേളയിൽ ഒരു മണിക്കൂറോളം നേരം പതിനെട്ടാംപടി കയറുന്നതിനുള്ള നിയന്ത്റണവും ഉദയാസ്തമന പൂജാ സമയത്ത് നിരവധി തവണ നട അടയ്‌ക്കേണ്ട സാഹചര്യവും മുൻനിറുത്തിയാണ് ഭക്തർക്ക് കൂടുതൽ സമയം ദർശനം അനുവദിക്കുന്നതിനായി പൂജകൾ ഒഴിവാക്കിയത്. വരും ദിവസങ്ങളിൽ കൂടുതൽ ഭക്തജനത്തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.