പത്തനംതിട്ട : നഗരത്തിലെ എല്ലാ ഓഫീസുകളും വിദ്യാലയങ്ങളും ഭരണഘടനയുടെ ആമുഖം പ്രദർശിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികൾ ഏറ്റെടുക്കണമെന്ന് പത്തനംതിട്ട നഗരസഭ അദ്ധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. പത്തനംതിട്ട നഗരസഭ സമ്പൂർണ ഭരണഘടന സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഭരണഘടന ആമുഖത്തിന്റെ ശിലാഫലക സ്ഥാപനം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യജീവിതത്തിൽ ഭരണഘടനയുടെ പ്രാധാന്യം മനസിലാക്കി ജില്ലാ ആസ്ഥാനത്തെ പത്ത് വയസിന് മുകളിലുള്ള എല്ലാവരിലും ഭരണഘടനാമൂല്യം എത്തിച്ച് സമ്പൂർണ ഭരണഘടനാ സാക്ഷര നഗരമാക്കുന്നതിനുള്ള പ്രവർത്തനത്തിലാണ് നഗരസഭ ഏർപ്പെട്ടിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് ചേർത്ത് സമയബന്ധിതമായി പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്നുംഅദ്ദേഹം പറഞ്ഞു. പരസ്പരം സ്‌നേഹ സഹായത്തോടെ ഒത്തൊരുമിച്ച് മുന്നോട്ട് പോകണമെന്ന ഓർമ്മപെടുത്തലാണ് ഭരണഘടനാ ദിനമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് പറഞ്ഞു. . ഭരണഘടനയുടെ ആമുഖത്തിന്റെ മൂല്യം സമൂഹ നൻമയ്ക്കായി പ്രാവർത്തികമാക്കാൻ എല്ലാവർക്കും സാധിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഭരണഘടനാ സന്ദേശത്തിൽ പറഞ്ഞു. അവകാശം മാത്രമല്ല സഹജീവികളോടുള്ള കടമ നിർവഹിക്കാനുള്ള ഉത്തരവാദിത്വവും ഉണ്ടെന്ന് ഓർക്കണം. നഗരസഭയുടെ സമ്പൂർണ ഭരണഘടന സാക്ഷരത പദ്ധതി മികച്ച തുടക്കമാണെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു. കെ.എസ്.ആർ.ടി.സി ടെർമിനലിൽ സ്ഥാപിച്ച ഭരണഘടന ശിലാഫലക അനാച്ഛാദനം നഗരസഭ ചെയർമാനും ജില്ലാ കളക്ടറും നിർവഹിച്ചു. വൈസ് ചെയർമാൻ ആമിന ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. അജിത്ത്കുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക വേണു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാ മണിയമ്മ, പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി, നഗരസഭ ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, വാർഡ് കൗൺസിലർമാർ, ഡി.ടി. ഒ തോമസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.