 
പന്തളം: നഗരസഭ വക ഇരുമ്പ് കമ്പി മറിച്ച് വിൽക്കാനുള്ള കെ.എസ്.ആർ.ടി.സിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രമം ഓട്ടോറിക്ഷ തൊഴിലാളികൾ തടഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനു സമീപത്തെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കാട് തെളിച്ചപ്പോൾ ലഭിച്ച കമ്പിയാണ് ആക്രിക്കാർക്ക് വിൽക്കാൻ ശ്രമിച്ചത്. മൊബൈൽ ഫോൺ ടവർ പണിക്കായി വർഷങ്ങൾക്ക് മുമ്പ് ഇറക്കിയിട്ടിരുന്ന കമ്പിയാണിത്. ഇത് കെ.എസ്.ആർ.ടി.സിയുടേതാണെന്ന് വരുത്തി ചില ഉദ്യോഗസ്ഥർ മറിച്ചുവിൽക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. എന്നാൽ കമ്പി വാഹനത്തിൽ കയറ്റിയപ്പോൾ സ്റ്റാന്റിനു സമീപമുള്ള ഓട്ടോറിക്ഷാ തൊഴിലാളികൾ തടഞ്ഞ് നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബെന്നിമാത്യു, കൗൺസിലർ രശ്മി രാജീവ് എന്നിവർ സ്ഥലത്തെത്തി പൊലീസിൽ വിവരമറിയിച്ചതോടെ ആക്രിക്കാർ കമ്പി ഉപേക്ഷിച്ച് മടങ്ങി. 16000 രൂപ വിലയുറപ്പിച്ച കമ്പിക്ക് 6000 രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. കഴിഞ്ഞ നഗരസഭാ ഭരണ സമിതിയുടെ കാലത്ത് ഇവിടെ ടവർപണിക്കായി നഗരസഭയുടെ അനുമതി ഇല്ലാതെ നടത്തിയ ശ്രമം നഗരസഭ തടഞ്ഞതോടെ പണിക്കാർ കമ്പി ഉപേക്ഷിച്ച് മടങ്ങിയതാണെന്ന് നഗരസഭാ മുൻ വൈസ് ചെയർമാൻ ഡി. രവീന്ദ്രൻ പറഞ്ഞു.