crime

പത്തനംതിട്ട: കുമ്പനാട് നാഷണൽ ക്ലബ്ബിൽ പണംവച്ചു ചീട്ടുകളി നടത്തിയ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 31,800 രൂപയും ചീട്ടുകളും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് കൈമാറിയതിനെ തുടർന്ന് കോയിപ്രം പൊലീസുമായി ചേർന്നാണ് നടപടി. ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഇളമണ്ണൂർ നിഷാഭവനിൽ രഘുനാഥ് (58), റാന്നി പഴവങ്ങാടി കരികുളം ചെല്ലക്കാട് ജയനിവാസിൽ ജയദേവൻ പിള്ള (42), മണിമല കരിമ്പന്മാക്കൽ മനോജ്‌ ജോർജ്ജ് (55), പുല്ലാട് അഴകേടത്ത് സനിൽ കുമാർ (52), ഇടുക്കി കുമളി അട്ടപ്പള്ളം ഈട്ടിവിളയിൽ സജൻ ഇ.എം (39), കൊടുമൺ അങ്ങാടിക്കൽ തെക്ക് ശ്രീഹരിഭവനം ഹരികൃഷ്ണൻ.എസ് (40), മലയാലപ്പുഴ തുറുന്തയിൽ രാജേഷ് ജി.വി (46), കോട്ടയം ചെറുവള്ളി തെള്ളിയിൽ സിബി ആന്റണി (55), ആറ്റിങ്ങൽ കടക്കാട് കൊച്ചുപള്ളിക്ക് സമീപം ഞാറത്ത് പറമ്പിൽ അനന്തു (28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലായക 16 ന് ക്ലബ്ബിൽ പണം വച്ച് ചീട്ടുകളിച്ചതിന് 11 പേരെ പിടികൂടുകയും, 10,13,510 രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അന്ന് അറസ്റ്റിലായ പ്രതികളിൽ രഘുനാഥ്, സിബി ആന്റണി എന്നിവർ ഇന്നലെ പിടികൂടിയ സംഘത്തിലുമുണ്ടായിരുന്നു.