1
തകർച്ചയിലുളള ഉത്താനത്ത് പടി - കോലത്ത്മല - നെല്ലിമല റോഡ്

മല്ലപ്പള്ളി : കുന്നന്താനം - കവിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉത്താനത്ത് പടി - കോലത്ത് മല- നെല്ലിമല റോഡ് പൂർണ്ണമായി തകർന്നു. മൂന്നുകിലോമീറ്റർ മാത്രം ദൂര ദൈർഘ്യമുള്ള റോഡാണിത്. 4 വർഷങ്ങൾക്ക് മുമ്പ് ടാറിംഗിന്റെ വശങ്ങളിൽ കോൺക്രീറ്റ് ചെയ്ത് ഒഴിച്ചാൽ പുനരുദ്ധാരണങ്ങൾ നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ജില്ലാപഞ്ചായത്ത് ആദ്യഘട്ട പദ്ധതിയിൽ ടാറിംഗ് നടത്തിയിരുന്നെങ്കിലും പിന്നീട് അറ്റകുറ്റപണികൾ നടത്തിയിട്ടില്ല. ഇപ്പോൾ ടാറിംഗ് കോൺക്രീറ്റും തകർന്ന നിലയിലാണ്.വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് അധികൃതർ തിരിഞ്ഞു നോക്കാതായതോടെ നാട്ടുകാരുടെ ദുരിതം ഇരട്ടിയായി. ചിലയിടത്ത് റോഡിന്റെ മദ്ധ്യഭാഗത്ത് മാത്രമാണ് ടാറിംഗുള്ളത് ഇരുവശം താഴ്ന്നും മദ്ധ്യഭാഗം ഉയർന്നും നില്ക്കുന്നതിനാൽ കാറുകൾ അടക്കമുള്ള നാലു ചക്രവാഹനങ്ങളുടെ അടിവശം തട്ടുന്നതും പതിവാണ്. ഇരുചക്ര വാഹനങ്ങൾ സാഹസിക യാത്രയാണ് നടത്തുന്നത്. കുന്നന്താനം പഞ്ചായത്തിലെ 10, 11വാർഡുകളിലൂടെയും കവിയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലൂടെയുമാണ് റോഡ് കടന്നുപോകുന്നത്. തോട്ടഭാഗം -ചങ്ങനാശേരി, കണിയാം പാറ - കുന്നന്താനം എന്നീ റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ഉത്താനത്ത് പടി - കോലത്ത് മല- നെല്ലിമല റോഡ്. ആഞ്ഞിലിത്താനം സിഎംഎസ് പള്ളിയിലേക്കും, കുന്നന്താനം പഞ്ചായത്തിലെ 10,11 വാർഡുകളിലെ അങ്കണവാടിയിലേക്കും എത്തുന്നതിനുള്ള പ്രധാന മാർഗമാണിത്.

നവീകരണത്തിനായി ജില്ലാ പഞ്ചായത്തിൽ നിന്നും 25 ലക്ഷം രൂപ ഉൾപ്പെടുത്തിയെങ്കിലും പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ റോഡ് ഉൾപ്പെടുത്തിയതിനാൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയ നവീകരണം നടത്താൻ കഴിയില്ലെന്നാണ് അധികൃതരുടെ വാദം.

.................

ഏത് പദ്ധതിയിൽ ഉൾപ്പെടുത്തിയാലും റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കാൻ നടപടി ഉണ്ടാകണം

നാട്ടുകാർ