 
ഏഴംകുളം: പ്ളാന്റേഷൻമുക്ക് - നെടുമൺകാവ് പാതയിൽ ഏഴംകുളം മുസ്ളീംപള്ളിക്ക് സമീപത്തായി കനാലിന് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന്റെ മറവിൽ ഒഴിച്ചിട്ടിരുന്ന ഭാഗത്ത് ടാറിംഗ് നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതു സംബന്ധിച്ച് നവം.15ന് കേരളകൗമുദിയിൽ 'നല്ലറോഡിൽ നശിച്ചപാലം' എന്ന തലക്കെട്ടിൽവന്ന വാർത്തയും നാട്ടുകാരുടെ പ്രതിഷേധത്തേയും തുടർന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഫലപ്രദമായ ഇടപെടൽ നടത്തിയത്. കനാൽ പാലത്തിന് മുന്നോടിയായി 50മീറ്ററും പാലം കഴിഞ്ഞുള്ള വളവിൽ 100മീറ്ററും ഭാഗമാണ് ടാർ ചെയ്യാതെ ഒഴിച്ചിട്ട് ബില്ല് മാറിയത്. ഇതിനെ തുടർന്ന് ഇവിടെ അപകടപരമ്പരകൾ തന്നെ അരങ്ങേറി. ഇരുചക്ര - മുച്ചക്രവാഹനയാത്രികരാണ് ഏറെയും അപകടത്തിൽപ്പെട്ടത്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് നടപടി സ്വീകരിക്കാൻ അധികൃതർ തയാറായത്.പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യൂട്ടീവ് എൻജിനീയർ 15ദിവസത്തിനുള്ളിൽ ഒഴിച്ചിട്ടിരിക്കുന്ന ഭാഗം ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നും അല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും കാട്ടി കരാറുകാരന് നോട്ടീസ് നൽകി. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം കുഴികളിൽ ടാർ ഇട്ട് ഉപരിതലം മിനുക്കി. കനാൽ പാലത്തിലെ കുഴികളും ഇത്തരത്തിൽ നികത്തി. ബി.എംആൻഡ് ബി.സി നിലവാരത്തിലുള്ള ടാറിംഗ് നടത്തുന്നതിനായുള്ള യന്ത്രസാമിഗ്രികളും കരാറുകാരൻ എത്തിച്ചിട്ടുണ്ട്.
യാത്രാദുരിതത്തിന് താൽക്കാലിക പരിഹാരം
അസംസ്കൃത സാധനങ്ങളുടെ വിലവർദ്ധനവിനെ തുടർന്ന് പാലത്തിന്റെ നിർമ്മാണത്തിനായി നേരത്തെ തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ചുള്ള തുക അപര്യാപ്തമാണെന്നും 30 ശതമാനം കൂട്ടി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിന്മേലുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കാത്തതോടെ പുതിയ പാലത്തിന്റെ നിർമ്മാണം അനിശ്ചിതമായി നീളും. എങ്കിലും തകർന്നുകിടന്ന റോഡിന്റെ ഭാഗം ടാർചെയ്യുന്നതോടെ യാത്രാദുരിതത്തിന് താൽക്കാലിക പരിഹാരമാകും.